റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ ദിശ പത്താമത് ഇന്റര്‍നാഷണല്‍ യോഗ ഡേ ആഘോഷങ്ങളുടെ ഭാഗമായി ദിശ യോഗ മീറ്റ് 2024 സംഘടിപ്പിച്ചു.
തലസ്ഥാന നഗരമായ റിയാദിലും, കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിലും സംഘടിപ്പിച്ച വിപുലമായ പരിപാടികളില്‍ നേപ്പാള്‍, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും, സാമൂഹിക പ്രവര്‍ത്തകരും, കമ്യൂണിറ്റി നേതാക്കളും, യോഗ പരിശീലകരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേര് പങ്കെടുത്തു. സൗദി അറേബ്യയിലെ കായികമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒളിമ്പിക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി സഹകരിച്ചു സങ്കടിപ്പിച്ച പരിപാടികള്‍ അന്താരാഷ്ട്ര യോഗ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള യോഗ പ്രകടങ്ങളോടെ ആരംഭിച്ചു. തുടര്‍ന്ന് ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള വിവിധ കലാരൂപങ്ങളും അരങ്ങേറി.
ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാലിന്റെ അധ്യക്ഷതയില്‍ റിയാദില്‍ നടന്ന ആഘോഷപരിപാടികള്‍ എംബസി ഓഫ് നേപ്പാള്‍ അംബാസഡര്‍ നവരാജ് സുബേദി ഉദ്ഘാടനം ചെയ്തു. സൗദി യോഗ കമ്മിറ്റി ബോര്‍ഡ് അംഗം ദുഅ അല്‍അറബി മുഖ്യ പ്രഭാഷണം നടത്തി. എംബസി ഓഫ് ബംഗ്ലാദേശ് ഫസ്റ്റ് സെക്രട്ടറി, പ്രസ് കള്‍ച്ചര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍, ആസാദുസ്സമാന്‍ ഖാന് മുഖ്യാതിഥി ആയിരുന്നു.
അറബ് യോഗ ഫൗണ്ടേഷന് പ്രീതിനിധി ഹൈഫ അലാതികി, സൗദി യോഗ കമ്മിറ്റി പ്രീതിനിധി നീരാന്‍ അല്‍ഒമ്രാന്‍, ഡോ. അന്‍വര്‍ ഖുര്‍ഷീദ്, ഷിഹാബ് കൊട്ടുകാട്, വി. ഉണ്ണികൃഷ്ണന്, ആര്‍ടി ഗിരിലാല്‍ എന്നിവര്‍ സംസാരിച്ചു. യോഗ പ്രോട്ടോകോള്‍ ഡോ. മീര അവതരിപ്പിച്ചു. എം.ജെ. സജിന്‍, ഹൈഫ അലാതികി, ഭസ്മ വഹ്ബി എന്നിവര്‍ പ്രോട്ടോകോള്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്കി. കലോത്സവത്തിന് പദ്മിനി യു. നായര്‍ നേതൃത്വം നല്കി.
ദമ്മാമില്‍ നടന്ന ആഘോഷത്തില്‍ ദിശ നാഷണല്‍ ജനറല്‍ സെക്രട്ടറി രാജേന്ദ്രന് ചെറിയാല്‍ അധ്യക്ഷത വഹിച്ചു. സൗദി യോഗ കമ്മിറ്റി വൈസ് ചെയര്മാന് അല ജമാല്‍ അലൈല്‍ മുഖ്യ അതിഥിയായിരുന്നു. അറബ് യോഗ ഫൗണ്ടേഷന് പ്രധിനിധി ഹവാ അല്‍ ദാവൂദ്, നേപ്പാള്‍ എംബസി പ്രധിനിധി നാരായണ്‍ പാസ്വാന്, എല്‍ ആന്‍ഡ് ടി കണ്ട്രി ജോയിന്റ് ജനറല്‍ മാനേജര്‍ സമീര്‍ അല്‍ ഉമൈറിന്, സാമില്‍ ഷിപ്യാര്ഡ് ജനറല്‍ മാനേജര്‍ അല്സ്റ്റര് ബിസ്സറ്റ്, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ദമ്മാം ചെയര്മാന് സനോജ് പിള്ള, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ജുബൈല്‍ പ്രധിനിധി ആര്.ടി. ആര് പ്രഭു, ദിശ ദമ്മാം റീജിയണല്‍ കോര്‍ഡിനേറ്റര്‍ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ദിശ നാഷണല്‍ അഡൈ്വസര്‍ ഗണേഷ് ബാബു അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: