ന്യൂദല്‍ഹി: ഭാരതത്തിന്റെ ലോകകപ്പ് വിജയത്തില്‍ ആഹ്ലാദത്തിന്റേയും അഭിമാനത്തിന്റേയും അയലടങ്ങുന്നില്ല. കാത്തിരിപ്പിന് വിരാമമിട്ട് ബാര്‍ബഡോസില്‍ രോഹിത് ശര്‍മയും സംഘവും 141 കോടി ജനങ്ങളുടേയും സ്വപ്‌നം തിരിച്ചുപിടിച്ചു. ടി20 ലോകകപ്പ് കിരീടം അവര്‍ വാനോളം ഉയര്‍ത്തിപ്പിടിച്ചു.
ഭാരത ടീമിനെ ഫോണിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. കളിക്കളത്തില്‍ നിങ്ങള്‍ ലോകകപ്പാണ് ജയിച്ചതെങ്കിലും രാജ്യത്തെ ഗ്രാമങ്ങളിലേയും തെരുവുകളിലേയും നഗരങ്ങളിലേയും കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയമാണ് കീഴടക്കിയത്. ഈ ലോകകപ്പ് ഒരു പ്രത്യേക കാരണത്താലും ഓര്‍മിക്കപ്പെടും. ഇത്രയേറെ രാജ്യങ്ങള്‍ ഇതില്‍ പങ്കെടുത്തു. ഒരു കളി പോലും തോല്‍ക്കാതെ ലോകകപ്പ് കിരീടം നേടാനാകുന്നത് ചെറിയ നേട്ടമല്ല. ക്രിക്കറ്റ് ലോകത്തിലെ എല്ലാ പ്രഗല്ഭരേയും നേരിട്ട് നിങ്ങള്‍ വിജയം സ്വന്തമാക്കി. ഭാരത ക്രിക്കറ്റില്‍ അഭിമാനമുണ്ട്. ഈ കളി ചരിത്രമാണ്, മോദി എക്‌സില്‍ കുറിച്ചു.
കിരീട നേട്ടത്തിന് പിന്നാലെ ഭാരത ടീമിന് 125 കോടി രൂപ പാരിതോഷികം ബിസിസിഐ പ്രസിഡന്റ് ജയ് ഷാ പ്രഖ്യാപിച്ചു. ജേതാക്കളായി തിരിച്ചെത്തുന്ന ടീമിന് വന്‍ സ്വീകരണം ബിസിസിഐ ഒരുക്കും. 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം വാങ്ങാനെത്തിയ ലയണല്‍ മെസ്സിയെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ രോഹിത് ശര്‍മ്മ ടി20 കിരീടം സ്വീകരിക്കാന്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: