തിരുവനന്തപുരം: സംസ്ഥാനത്തു നിന്നു ഡെപ്യൂട്ടേഷനില്‍ പോകുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ വന്‍വര്‍ധന. 31 ഐപിഎസുകാരാണ് ഇതിനകം കേരളം വിട്ടത്. ഈ സര്‍ക്കാരിന്റെ കാലത്ത് 32 ഐഎഎസുകാരും കേരളം വിട്ടു. അമിത രാഷ്‌ട്രീയവത്കരണവും പാര്‍ട്ടി സെല്ലുകളുടെ വഴിവിട്ട ഭരണവുമാണ് ഇത്രയധികം ഉന്നത ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിന്നു പോകാനിടയാക്കിയത്.
ജോലി ഭാരവും സമ്മര്‍ദവും കാരണം അടുത്തിടെ പോലീസില്‍ നിരവധി ഉദ്യോഗസ്ഥര്‍ ജീവനൊടുക്കി. വളരെയധികം പേര്‍ പോലീസുജോലി ഉപേക്ഷിക്കുകയും ചെയ്തു. സ്വതന്ത്രമായ ജോലിക്ക് ഇവിടെ സാഹചര്യമില്ലാത്തതാണ് ഇത്തരത്തില്‍ കൊഴിഞ്ഞുപോക്കുണ്ടാക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ത്തന്നെ പറയുന്നു. സിപിഎം നിയന്ത്രണത്തില്‍ നിന്നല്ലാതെ ജോലി ചെയ്യാനാകുന്നില്ല. കേരളം വിട്ട ഐപിഎസ് ഉദ്യോഗസ്ഥരില്‍ 26 പേരും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കാണ് പോയത്. അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളിലെ ഡെപ്യൂട്ടേഷനിലേക്കും. ഐജിമാരുടെയും ഡിഎജിമാരുടെയും കുറവാണ് ഏറ്റവും പ്രധാനമായുള്ളത്. വിജിലന്‍സില്‍ ഡയറക്ടര്‍ കഴിഞ്ഞാല്‍ എസ്പിയാണ് ഏറ്റവുമുയര്‍ന്നയാള്‍. ഇതേ അവസ്ഥയാണ് ക്രൈംബ്രാഞ്ചില്‍ ഉള്‍പ്പെടെ. നിലവിലെ ഐജിമാര്‍ക്കും ഡിഐജിമാര്‍ക്കും കൂടുതല്‍ ചുമതലകള്‍ കൊടുത്താണ് സര്‍ക്കാര്‍ പോകുന്നത്.
സംസ്ഥാന പോലീസ് മേധാവിയെ നോക്കുകുത്തിയാക്കി ചിലര്‍ മാത്രം കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലെ അസംതൃപ്തിയും സേനയിലുണ്ട്. മുഖ്യമന്ത്രിക്കും മേലെ ചിലര്‍ സൂപ്പര്‍ ആഭ്യന്തര മന്ത്രിയാകുന്നത് പോലീസ് സേനയെ ആകെ അസ്വസ്ഥരാക്കുന്നു. ഐഎഎസ് ഉേദ്യാഗസ്ഥരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേരളം വിട്ട 32 ഐഎഎസുകാരില്‍ ഭൂരിപക്ഷവും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് പോയിരിക്കുന്നത്. സര്‍ക്കാരിനൊപ്പം നിന്നില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരായാലും കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നതും കേരളം വിടാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: