കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സൗരാഷ്‌ട്ര, കച്ച് തീരങ്ങളിലായി തുടരുന്ന അന്തരീക്ഷച്ചുഴിയാണ് മഴയ്‌ക്ക് കാരണം. ഇതിനൊപ്പം തെക്കന്‍ മഹാരാഷ്‌ട്ര മുതല്‍ മധ്യകേരളം വരെ അറബിക്കടലില്‍ ന്യൂനമര്‍ദപാത്തിയും തുടരുകയാണ്. ഇത് മൂലം സംസ്ഥാനത്ത് ഇടവേളകളില്‍ ഇടത്തരം മഴയ്‌ക്കാണ് പരക്കെ സാധ്യത.
കഴിഞ്ഞദിവസം രാജ്യ തലസ്ഥാനത്തുണ്ടായ കനത്തമഴയ്‌ക്ക് കാരണം കാലവര്‍ഷത്തിലെ ആദ്യ ന്യൂനമര്‍ദമാണ്. സീസണിലെ ആദ്യ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ നോര്‍ത്ത് ഒഡീഷ തീരത്തായി വെള്ളിയാഴ്ചയാണ് രൂപമെടുത്തത്.
വടക്ക് കിഴക്കന്‍ രാജസ്ഥാന് സമീപം അന്തരീക്ഷച്ചുഴി തുടരുന്നു. ഇവിടെ നിന്ന് ന്യൂനമര്‍ദത്തിലേക്ക് ന്യൂനമര്‍ദപാത്തിയും നിലവിലുണ്ട്. ഇതാണ് ന്യൂദല്‍ഹി അടക്കമുള്ള മേഖലകളിലെ കനത്ത മഴയ്‌ക്ക് കാരണമായത്. ജൂലൈ ഒന്ന് വരെ മഴ തുടരുമെന്നാണ് പ്രവചനം. ഹരിയാന, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്ത് ഏതാണ്ട് എല്ലാ സംസ്ഥാനത്തുമെത്തി. സാധാരണ ജൂലൈ 5ന് ആണ് മഴ എല്ലായിടത്തുമെത്തുക. നിലവില്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങിയതോടെ രാജ്യത്ത് കാലവര്‍ഷം വേഗത്തില്‍ വ്യാപിക്കുകയായിരുന്നു. അവശേഷിക്കുന്ന സ്ഥലങ്ങളില്‍ കൂടി ഉടന്‍ മഴ എത്തുമെന്നാണ് പ്രവചനം.
കെഎസ്ഇബിയുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് 34 ശതമാനമായി ഉയര്‍ന്നു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2338.12 അടിയായി. മൊത്തം സംഭരണ ശേഷിയുടെ 36 ശതമാനമാണിത്. മഴക്കുറവ് 24 ശതമാനമായി തന്നെ തുടരുകയാണ്. 62 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 47.5 സെ.മീ. മഴയാണ് കിട്ടിയത്. തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് നിലവില്‍ വിലക്കില്ലെങ്കിലും ഉയര്‍ന്ന തിരമാല സാധ്യത തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: