ചെന്നൈ: ഏകമത്സര ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളെ പുറത്താക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തി ഭാരതം. രണ്ടാം ദിവസമായ ഇന്നലെ കളി ഇന്നത്തേക്ക് പിരിയുമ്പോള്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന നിലയില്‍ പൊരുതിക്കയറിയ നിലയിലാണ്.
റണ്ണൗട്ട് അവസരവും ക്യാച്ചും പാഴാക്കിയാണ് ഭാരത വനിതകള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് പൊരുതാനവസരം നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്കോര്‍ കണ്ടെത്തിയ ഭാരതം ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
വനിതാ ടെസ്റ്റില്‍ ഏറ്റവും വലിയ ഒന്നാം ഇന്നിങ്സ് സ്കോര്‍ നേടിയാണ് ഭാരതം ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഓസ്ട്രേലിയന്‍ സ്കോറിനെ മറികടന്നാണ് ടീം റിക്കാര്‍ഡ് നേടിയത്. നാലിന് 525 റണ്‍സുമായി ഇന്നലെ രണ്ടാം ദിവസത്തെ കളി ആരംഭിച്ച ഭാരതം രാവിലത്തെ സെക്ഷനില്‍ തന്നെ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. തലേന്ന് പൊരുതി നിന്ന നായിക ഹര്‍മന്‍പ്രീത് കൗര്‍(69) ആണ് ഇന്നലെ ആദ്യം പുറത്തായത്. സ്കോര്‍ 600 പിന്നിട്ട ശേഷം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാനുള്ള നീക്കത്തിലായിരുന്നു ഭാരതം. സെഞ്ചുറിയിലേക്ക് കുതിച്ച റിച്ചാ ഘോഷിന്റെ പ്രകടനത്തിന് വേണ്ടി അല്‍പ്പം കാത്തു. പക്ഷെ 90 പന്തുകളില്‍ 86 റണ്‍സുമായി താരം പുറത്തായ ഉടനെ നയം വ്യക്തമാക്കി. ഇന്നിങ്സില്‍ ആറാമതായി റിച്ച ഘോഷ് പുറത്താകുമ്പോള്‍ രണ്ട് റണ്‍സുമായി ദീപ്തി ശര്‍മ ഒപ്പമുണ്ടായിരുന്നു.
ഭാരതത്തിനെതിരെ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാരെ നൂറ് റണ്‍സ് തികയ്ക്കും മുമ്പേ ഭാരത ഓഫ് സ്പിന്നര്‍ സ്നേഹ് റാണ പുറത്താക്കി. 20 റണ്‍സെടുത്ത ഇംഗ്ലണ്ട് നായിക ലോറ വോള്വാര്ഡ്റ്റിനെ സ്നേഹ് വിക്കറ്റിന് മുന്നില്‍ കുരുക്കി. 39 റണ്‍സെടുത്ത മറ്റൊരു ഓപ്പണര്‍ അന്നെക്കെ ബോഷിനെ സ്നേഹ് ദീപ്തിയുടെ കൈകളിലെത്തിച്ചു. ഈ സമയം ദക്ഷിണാഫ്രിക്ക രണ്ടിന് 96 എന്ന നിലയില്‍ പതറി. മൂന്നാം വിക്കറ്റില്‍ ഒതുചേര്ന്ന സൂന് ലൂസും(65) മാരിസാന്നെ കാപ്പും(പുറത്താകാതെ 69) ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിനെ ഭദ്രമാക്കി. ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റ് പൊളിക്കാന്‍ ഭാരത താരങ്ങള്‍ക്ക് അവസരം ലഭിച്ചെങ്കിലും പാഴാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 189ലെത്തിയപ്പോഴാണ് ലൂസിനെ ദീപ്തി ശര്‍മ വിക്കറ്റിന് മുന്നില്‍ കുരുക്കി പുറത്താക്കിയത്. പകരമെത്തിയ ഡെല്‍മി ടക്കറിനെ സ്നേഹ് റാണ പൂജ്യത്തിന് മടക്കി. പിന്നീട് മാദിന്‍ ഡി ക്ലെര്‍ക്ക്(പുറത്താകാതെ 27) താളം കണ്ടെത്തും മുമ്പേ പുറത്താക്കാനുള്ള അവസരം ഭാരതം നഷ്ടപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ മത്സരം ഇന്നത്തേക്ക് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 72 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: