പ്രജകളുടെ സുഖവും ക്ഷേമവുമാണ് എല്ലാത്തിലും വലുതെന്ന് രാജാവ് ഉറച്ച് വിശ്വസിച്ചിരുന്നതാണ് ഭാരതീയ പാരമ്പര്യം. ഇന്ത്യന്‍ ജനാധിപത്യത്തിലും അതുതന്നെയാവണം ഭരണകര്‍ത്താക്കളുടെ നിലപാട്. കഴിഞ്ഞ പത്തുവര്‍ഷമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയജനാധിപത്യ സഖ്യസര്‍ക്കാരിന്റെ ആപ്തവാക്യവും ഇതുതന്നെയായിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ജനക്ഷേമത്തിനാവശ്യമായ നിയമനിര്‍മാണങ്ങളും നയപരിപാടികളും രൂപീകരിക്കണം. അതിനാണ് ഇന്ത്യന്‍ പാര്‍ലമെന്റ്.
140 കോടി ജനങ്ങള്‍ അവരുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനാണ് 543 പ്രതിനിധികളെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്ത് അയച്ചിട്ടുള്ളത്. ക്രിയാത്മകമായ സഭാ നടത്തിപ്പിന് തയ്യാറായാണ് എന്‍ഡിഎ സര്‍ക്കാര്‍ പതിനെട്ടാം ലോക്‌സഭയുടെ നടപടികളിലേക്ക് കടന്നത്. എന്നാല്‍, നിഷേധാത്മക സമീപനമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭയില്‍ സ്വീകരിച്ചു കാണുന്നത്. സഭാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് മുതല്‍ രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ വരെ ഭരണപക്ഷത്തോട് ശത്രുത പുലര്‍ത്തുന്ന സമീപനം ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിന് അപമാനമാണ്.
രാഷ്‌ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച തടസ്സപ്പെടുത്തുന്നത് സഭാചരിത്രത്തില്‍ അപൂര്‍വമാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സഭയിലെത്തിയവര്‍ അതേ ഭരണഘടനയെയാണ് അപമാനിച്ചത്. ഭരണഘടനയുടെ 86(1) അനുച്ഛേദപ്രകാരമാണ് രാഷ്‌ട്രപതിയുടെ അഭിസംബോധന. 87-ാം അനുച്ഛേദം രാഷ്‌ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള ചര്‍ച്ചയെക്കുറിച്ച് പറയുന്നു. ഈ ചര്‍ച്ചയില്‍ അംഗങ്ങള്‍ക്ക് ഏത് വിഷയവും ഉയര്‍ത്താവുന്നതാണ്. 2021ലെ നന്ദി പ്രമേയ ചര്‍ച്ചയ്‌ക്കിടെ കര്‍ഷകസമരം പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിച്ചത് ഓര്‍മിക്കുന്നു.
സര്‍ക്കാരിന്റെ പ്രതിബദ്ധയെക്കുറിച്ച് പറഞ്ഞ രാഷ്‌ട്രപതി, പരീക്ഷ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുന്ന ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് അസന്ദിഗ്ധമായി പറഞ്ഞു. ‘പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. യുവതയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആവശ്യമായ സാഹചര്യം സര്‍ക്കാര്‍ ഉറപ്പാക്കും. പരീക്ഷകള്‍ തടസപ്പെടുന്ന സാഹചര്യം ശരിയല്ല. സര്‍ക്കാര്‍ നിയമനങ്ങളിലും പരീക്ഷകളിലും സുതാര്യതയും പവിത്രതയും നിര്‍ബന്ധമാണ്’ രാഷ്‌ട്രപതി പറഞ്ഞു. പരീക്ഷാ ക്രമക്കേട് വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു രാഷ്‌ട്രപതിയുടെ പ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍.
മൂന്നു ദിവസം നീളുന്ന നന്ദി പ്രമേയ ചര്‍ച്ചയില്‍ നീറ്റ് ക്രമക്കേട് പ്രതിപക്ഷത്തിന് ഉന്നയിക്കാം എന്ന് സ്പീക്കറും സര്‍ക്കാരും വ്യക്തമാക്കിയിട്ടും സഭ തടസ്സപ്പെടുത്തിയ സമീപനം രാഷ്‌ട്രപതിയോടും പാര്‍ലമെന്റിനോടുമുള്ള അവഹേളനമായി. വിദ്യാര്‍ഥികളുടെ പേരില്‍ സഭ അലങ്കോലപ്പെടുത്തുക, വാര്‍ത്തകളില്‍ നിറയുക എന്നതിനപ്പുറം രാഹുല്‍ ഗാന്ധി നയിക്കുന്ന പ്രതിപക്ഷത്തിന് മറ്റൊരു ലക്ഷ്യവുമില്ല.
ഭരണഘടന സംരക്ഷകര്‍ ചമയുന്നവര്‍, ഭരണഘടന സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഏക അവസരത്തെക്കുറിച്ച് പറയുമ്പോള്‍ അസ്വസ്ഥരാകുന്നതും ഈ സഭയില്‍ കണ്ടു. ഭരണഘടന സംരക്ഷണത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തവര്‍ക്ക് സ്വന്തം ചരിത്രം കേള്‍ക്കുമ്പോള്‍ പൊള്ളുന്നതെന്തിന് ? ഭരണഘടന കയ്യിലേന്തി വന്ന ഇന്ദിരാ ഗാന്ധിയുടെ ചെറുമകന്‍ വാസ്തവത്തില്‍ തന്റെ മുത്തശി ചെയ്ത തെറ്റിന് സഭയോട് മാപ്പു പറഞ്ഞാണ് ഭരണഘടനാപദവിയായ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കേണ്ടിയിരുന്നത്. രാഷ്‌ട്രപതി സൂചിപ്പിച്ചതു പോലെ ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തിന്റെ ഏറ്റവും വലുതും ഇരുള്‍ നിറഞ്ഞതുമായ ആ അധ്യായം രാജ്യത്തിന് മറക്കാനാവുമോ?
അടിയന്തരാവസ്ഥക്കെതിരായ സ്പീക്കറുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ചത് കോണ്‍ഗ്രസും മുസ്ലീം ലീഗും മാത്രമാണ്. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാട് ആ ഇരുണ്ട ദിനങ്ങളോടുള്ള ഭാരതത്തിന്റെ വിയോജിപ്പ് ആവര്‍ത്തിച്ചുറപ്പിക്കുന്നതായി. അടിയന്തരാവസ്ഥയില്‍ ദുരിതനമനുഭവിച്ചവര്‍ക്കായി മൗനമാചരിക്കാന്‍ സ്പീക്കര്‍ പറഞ്ഞതും സഭ ഒന്നടങ്കം നിശബ്ദമായി. പ്രതിപക്ഷ നിരയിലെ ഭിന്നിപ്പ് വ്യക്തമായി രാജ്യം കണ്ടിട്ടും നേരം വെളുക്കാത്ത ചില മാധ്യമങ്ങള്‍, ”ഭരണപക്ഷത്തിന്റെ ചൂണ്ട, പ്രതിപക്ഷം കൊത്തിയില്ല ”എന്നൊക്കെ എഴുതിക്കണ്ടു. മോദിവിരോധം അന്ധരാക്കിയവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും സഭയില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ട ആ കാഴ്ച വ്യക്തമായിരുന്നു.
”ഞാന്‍ ബികോം ഫസ്റ്റ് ക്ലാസാണ് ”എന്ന് ഇടക്കിടെ പറയുന്ന ‘നാടോടിക്കാറ്റി’ലെ മോഹന്‍ലാലിന്റെ കഥാപാത്രത്തോട് ശോഭനയുടെ കഥാപാത്രം ചോദിക്കുന്നുണ്ട് . ”ശരിക്കും കോളജില്‍ പോയിട്ടുണ്ടോ, ഒരു ആത്മവിശ്വാസക്കുറവ് പോലെ?’എന്ന്. പ്രതിപക്ഷനേതൃപദവി സ്വന്തമായി എന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ളതുപോലെയാണ് ലോക്‌സഭയിലെ അവരുടെ പെരുമാറ്റം. തൊട്ടതിനെല്ലാം ഉടക്ക്. പ്രോടെം സ്പീക്കറെന്ന കേവലം രണ്ടു ദിവസത്തെ പദവിയുടെ പേരില്‍ ഉണ്ടാക്കിയ ബഹളം രാജ്യം കണ്ടു. തുടര്‍ന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ നാടകങ്ങള്‍. പാവം കൊടിക്കുന്നില്‍ സുരേഷിനെ വെറുതെ വേഷം കെട്ടിച്ചത് എന്തിനെന്ന് അദ്ദേഹത്തിന് പോലും മനസിലായിട്ടില്ല.
സ്പീക്കറെ സമവായത്തിലൂടെ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് എല്ലാവര്‍ക്കുമറിയാം. ഭരണകക്ഷിയുടെ പ്രമേയം പാസാകുമെന്ന് ഉറപ്പുണ്ടായിരിക്കേ എന്തിനാണ് പ്രതിപക്ഷം പ്രമേയം നല്‍കിയത് ? ഇനി ജയിക്കാം എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നത് എന്താണ്. വോട്ടെടുപ്പ് ആവശ്യപ്പെട്ടാല്‍ ഈ ”കരുത്തുറ്റ പ്രതിപക്ഷത്തിന്റെ” യഥാര്‍ഥ എണ്ണം രാജ്യത്തിന് മുന്നില്‍ വെളിപ്പെടും. അത് ഭയന്നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതെന്ന് വ്യക്തം.
രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം കിട്ടിയതോടെ താനും പ്രതിപക്ഷ നേതാവാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നതായിരുന്നു രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രകടനം. രാജ്യസഭയുടെ ചരിത്രത്തില്‍ ഒരു പ്രതിപക്ഷ നേതാവും ചെയ്യാത്ത വിധമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നടുത്തളത്തിലിറങ്ങി ബഹളം വച്ചത്.
ഇനി ചില കണക്കുകള്‍ കൂടി പറയട്ടെ. കൊവിഡ് കൂടി ബാധിച്ച പതിനേഴാം ലോക്‌സഭയ്‌ക്ക് പ്രതിപക്ഷ ബഹളം മൂലം നഷ്ടപ്പെട്ടത് ആകെ 435 മണിക്കൂറാണ്. 2023ലെ ബജറ്റ് സമ്മേളനത്തില്‍ മാത്രം പ്രതിപക്ഷ ബഹളം മൂലം ലോക്‌സഭയക്ക് നഷ്ടപ്പെട്ടത് 96 മണിക്കൂറും. നഷ്ടപ്പെട്ട സമയം ക്രമീകരിക്കാന്‍ സഭ കൂടുതലായി സമ്മേളിക്കേണ്ടി വന്നത് 300 മണിക്കൂറിലേറെയാണ്.
പാര്‍ലമെന്റംഗങ്ങള്‍ എന്ന നിലയില്‍ അനുഭവിക്കുന്ന അവകാശങ്ങളുടെ (ുൃശ്ശഹലഴല) ഭാഗമായാണ് പലരും സഭ തടസപ്പെടുത്തുന്നതിനെ കാണുന്നത്. പക്ഷേ വോട്ടു ചെയ്ത ജനങ്ങളുടെ അവകാശങ്ങള്‍ ഇവിടെ പലരും മറക്കുന്നു. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസം രാജ്യസഭാധ്യക്ഷന്‍ കൂടിയാ ഉപരാഷ്‌ട്രപതി ജഗ്ധീപ് ധന്‍കര്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രസക്തമാവുകയാണ്. ”പവിത്രമായ പാര്‍ലമെന്റ് മന്ദിരം ജനക്ഷേമത്തിനാവശ്യമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താനുള്ള ഇടമാണ്. പക്ഷേ സഭാനടപടികള്‍ നിരന്തരം തടസപ്പെടുത്തുന്നത് ഇപ്പോള്‍ ഒരു സാധാരണ കാര്യമായിരിക്കുന്നു. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയെ നശിപ്പിക്കുന്നു”.
പ്രജാ സുഖേ സുഖം രാജ്ഞഃ
പ്രജാനാം ച ഹിതേ ഹിതം (പ്രജകളുടെ ക്ഷേമമാണ് ഭരണാധികാരിയുടെ ക്ഷേമം)
(മുന്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: