ന്യൂദല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് ദല്‍ഹിയില്‍ പ്രളയം. രാജ്യ തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങി. മഴയിലും കാറ്റിലും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. താഴ്ന്ന പ്രദേശങ്ങളും പ്രധാന റോഡുകളും അടിപ്പാതകളുമെല്ലാം വെള്ളത്തിലായി. വാഹനങ്ങളും യാത്രക്കാരും മണിക്കൂറുകളോളം വെള്ളക്കെട്ടില്‍ കുടുങ്ങി. നീണ്ട ഗതാഗതക്കുരുക്കുമുണ്ടായി.
ആഭ്യന്തര ടെര്മിനലായതിനാലും പുലര്‍ച്ചെയായതിനാലും യാത്രക്കാര്‍ തീരെക്കുറവായിരുന്നു. അതിനാല്‍ ദുരന്തം ഒഴിവായി. 2008- 2009 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച മേല്‍ക്കൂരയാണിത്.
മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു പ്രഖ്യാപിച്ചു.
ദല്‍ഹി മന്ത്രി അതിഷി, തിരുവനന്തപുരം എംപി ശശി തരൂര്തുടങ്ങിയവരുടെ വീടുകളിലും വെള്ളം കയറി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടു.
ദല്‍ഹി ലെഫ്. ഗവര്‍ണര്‍ വി.കെ. സക്സേന അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതി വിലയിരുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറക്കാനും മോട്ടോറുകള്‍ ഉപയോഗിച്ച് റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും അദ്ദേഹം നിര്‍ദേശിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവധി റദ്ദാക്കി മടങ്ങാന്‍ അദ്ദേഹം ഉത്തരവിട്ടു. ഓടകളിലും അഴുക്കുചാലുകളിലും അടിഞ്ഞ മണ്ണും മാലിന്യങ്ങളും നീക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്.
സാകേത് മെട്രോ സ്റ്റേഷന്റെ പരിസരം വെള്ളത്തിലായി. വസന്ത് വിഹാറില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതില് ഇടിഞ്ഞ് മൂന്ന് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടു. ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: