ബ്രിഡജ്ടൗണ്‍: എയ്‌ദെന്‍ മാര്‍ക്രത്തിന് കീഴിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ഈ ട്വന്റി20 ലോകകപ്പില്‍ ഇതുവരെ എല്ലാ കളികളിലും ജയിച്ചുകൊണ്ടാണ് ഫൈനലിലെത്തിയിരിക്കുന്നത്. മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. ആദ്യ റൗണ്ടിലെ നാല് കളികളും സൂപ്പര്‍ എട്ടിലെ മൂന്ന് കളിയിലും ജയിച്ച അവര്‍ സെമിയില്‍ അഫ്ഗാനിസ്ഥാന്റെ കുതിപ്പിന് തടയിട്ടുകൊണ്ടാണ് ചരിത്രത്തില്‍ ആദ്യമായി ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലെത്തിയത്.
സെമിയില്‍ നിന്നും മികച്ച വിജയമാണ് ടീം സ്വന്തമാക്കിയത്. പേസര്‍മാരും സ്പിന്നര്‍ ടബ്രെയ്‌സ് ഷംസിയും ചേര്‍ന്ന് അഫ്ഗാനെ കടപുഴക്കി വീഴ്‌ത്തുകയായിരുന്നു. 56 റണ്‍സെന്ന കുറഞ്ഞ സ്‌കോറില്‍ വീഴ്‌ത്തിയ ശേഷം ഒരു വിക്കറ്റ് നഷ്ടത്തില്‍ അനായാസം ജയിച്ചുകയറുകയായിരുന്നു.
ടീമിന്റെ ആദ്യ റൗണ്ട് മത്സരങ്ങളിലേക്ക് എത്തിനോക്കിയാല്‍ ദുര്‍ബലരായ നേപ്പാളിനോടു പോലും നേരിയ വിജയം കൈവരിച്ചതായി കാണാം. പിച്ചിന്റെ പ്രതികൂല സാഹചര്യത്തില്‍ ഒരു റണ്‍സ് ജയവുമായി നേപ്പാളിനെതിരെ കടന്നുകൂടുകയായിരുന്നു. സമാന രീതിയിലാണ് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നാല് റണ്‍സിന് ജയിച്ചതും. ഗ്രൂപ്പ് ഡിയില്‍ ശ്രീലങ്കയോടും നെതര്‍ലന്‍ഡ്‌സിനോടും മികച്ച രീതിയില്‍ വിജയിച്ചിട്ടുണ്ട്.
സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിനോട് ഏഴ് റണ്‍സിനാണ് ജയിച്ചത്. ആതിഥേയരായ വെസ്റ്റിന്‍ഡീസിനോടും അമേരിക്കയോടും മികച്ച വിജയങ്ങള്‍ നേടി. എല്ലാ പോരായ്മകളും തീര്‍ത്തുകൊണ്ടുള്ള വിജയമാണ് മാര്‍ക്രവും കൂട്ടരും സെമിയില്‍ ആഘോഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: