ബാലുശ്ശേരി: സിപിഎം ഭരിക്കുന്ന ബാലുശ്ശേരി കോ- ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക് ജീവനക്കാരിയെ കേന്ദ്രീകരിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ്. ബാങ്കിന്റെ കലക്ഷന്‍ ഏജന്റായ സിപിഎം തുരുത്യാട് ബ്രാഞ്ച് കമ്മിറ്റി അംഗം നമ്പിടികണ്ടി മിനി പ്രദേശത്തെ 22 വീട്ടുകാരില്‍ നിന്ന് പല തവണയായി 428 പവന് സ്വര്‍ണാഭരണവും.
എണ്‍പത് ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചതായി തട്ടിപ്പിനിരയായവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ അഞ്ച് പേര് ബാലുശ്ശേരി പോലീസില്‍ തിങ്കളാഴ്ച പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് ഉന്നത രാഷ്ട്രീയ ഇടപെടല്‍ കാരണമെന്നാണ് ആരോപണം.
തുരുത്ത്യാട് പിലാത്തോട്ടത്തില്‍ പ്രിയയ്ക്ക് 60 പവന് സ്വര്‍ണവും 15 ലക്ഷവുമാണ് നഷ്ടമായത്. അര്‍ബ്ബന്‍ ബാങ്കിന്റെ മുകള്‍ നിലയിലെ മുറിയില്‍ നിന്നും വീട്ടില്‍ നിന്നുമാണ് മിനി പണം വാങ്ങിയത്. 2023 നവംബര്‍ മുതല്‍ പല തവണയായാണ് പണവും ആഭരണങ്ങളും നല്‍കിയത്. കോക്കല്ലൂര്‍ പറമ്പില്‍ മീത്തല്‍ ജിനിക്ക് 34 പവന് സ്വര്‍ണവും 31.000 രൂപയും തുരുത്ത്യാട് പടിക്കല്‍ ജിഷയ്ക്ക് 17 പവന് സ്വര്‍ണവും പടിക്കല്‍ റീജയ്ക്ക് ആറ് പവന് സ്വര്‍ണവും രണ്ടര ലക്ഷം രൂപയും കോക്കല്ലൂര്‍ കുഞ്ഞോത്ത് പ്രീതക്ക് ആറു പവന് സ്വര്‍ണവും മൂന്നര ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.
സിപിഎം അനുഭാവികളായ കൂടുതല്‍ പേര് പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചതായാണ് വിവരം. ബാങ്കില്‍ സ്ഥിരം ജീവനക്കാരി ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. ഇടയ്ക്ക് ലാഭവിഹിതം എന്ന നിലയില്‍ പണം നല്കിയതിനാല് നാട്ടുകാര്‍ക്ക് സംശയമുണ്ടായില്ല. പിന്നീട് ബന്ധപ്പെടാന്‍ പറ്റാതായപ്പോഴാണ് തട്ടിപ്പിനിരയായവര്‍ ബാങ്കിലെത്തിയത് എന്നാല്‍ ബാങ്കിന് ബന്ധമില്ലെന്ന് പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നു. താല്‍ക്കാലിക ജീവനക്കാരിയായിട്ടും പരാതിയെക്കുറിച്ച് മിനിയോട് ബാങ്ക് അധികൃതര്‍ അന്വേഷിക്കുകപോലും ചെയ്തില്ലെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
നേരത്തെയും മിനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നപ്പോഴും ബാങ്ക് നടപടി സ്വീകരിക്കാതിരുന്നതാണ് വന്‍ തട്ടിപ്പിന് ഇടയാക്കിയതെന്നാണ് ആരോപണം. 2019 അവസാന മാസത്തിലാണ് കലക്ഷന്‍ ഏജന്റായി മിനിയെ നിയമിച്ചത്. അഞ്ച് വര്‍ഷമായി കലക്ഷന്‍ ഏജന്റാണ്. കഴിഞ്ഞ ആഴ്ച മുതല്‍ മിനി ബാങ്കില്‍ എത്തിയിരുന്നില്ല.
സിപിഎമ്മിനും ബാങ്കിനും നാണക്കേട് ഉണ്ടാകുന്ന തട്ടിപ്പ് പുറത്തായതോടെ സംഭവം ഒതുക്കാനുള്ള പാര്‍ട്ടി ശ്രമം പരാജയപ്പെട്ടു. പരാതിക്കാരെ വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും തുക ഭീമമായതിനാല്‍ പാര്‍ട്ടി കൈയൊഴിയുകയായിരുന്നു.
ഇതിനിടെ പോലീസില്‍ പരാതി നല്കിയാല് സ്വര്‍ണ്ണവും പണവും തിരിച്ച് തരില്ലെന്ന് മിനിയും ഭര്‍ത്താവും ഭീഷണി മുഴക്കിയതായും ഇരകള്‍ പറഞ്ഞു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന സിപിഎം നേതാവിന്റെ മകന്റെ ഭാര്യയാണ് മിനി. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേര് ഉണ്ടെന്നാണ് സൂചന. സഹകരണ ബാങ്കിന് പുറമെ സ്വകാര്യ ബാങ്കുകളിലും സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചതായി വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: