കൊച്ചി: കേരളത്തിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ്. സൂപ്പർ ലീഗ് കേരള (എസ്‌എല്‍കെ) ഫുട്ബോള്‍ ടീമായ കൊച്ചി പൈപ്പേഴ്സില്‍ അദ്ദേഹം ഓഹരി പങ്കാളിത്തമെടുത്തതായാണ് സൂചന. നേരത്തെ തൃശ്ശൂർ റോർസ് ടീമില്‍ ഓഹരി പങ്കാളിത്തമെടുക്കാൻ നിലവിലെ ഉടമകളുമായി നടൻ ചർച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്നാണ് കൊച്ചി ടീമില്‍ പങ്കാളിയായത്.
മുൻ രാജ്യന്തര ടെന്നീസ് താരവും എസ്ജി സ്പോർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്സ് സിഒ മഹേഷ് ഭൂപതിയും ചലച്ചിത്ര താരം ലാറ ദത്തയുമാണ് നിലവില്‍ കൊച്ചി പൈപ്പേഴ്സ് ടീം ഉടമകള്‍. പൃഥ്വിരാജും പങ്കാളി സുപ്രിയ മേനോനും കൂടി സഹ ഉടമകളാകുന്നതോടെ ടീം എസ്‌എല്‍കെ സെലിബ്രിറ്റി ടീമായി മാറും. കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ ഫുടബോള്‍ ലീഗായ എസ്‌എല്‍കെ സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് കേരള ഫുട്ബോള്‍ അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കേരള ഫുട്‌ബോള്‍ അസോസിയേഷനും സ്‌കോർലൈൻ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്‌എല്‍കെ ഈ വർഷം സെപ്റ്റംബറില്‍ ആരംഭിക്കും. കൊച്ചി ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, മഞ്ചേരി സ്‌പോർട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: