18-ാം ലോക്സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും. രാജ്യത്തെ വോട്ടര്‍മാരുടെ വിശ്വാസം നേടിയാണ് നിങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. രാജ്യത്തെയും ജനങ്ങളെയും സേവിക്കാനുള്ള ഈ അംഗീകാരം വളരെ കുറച്ചു പേര്‍ക്കേ ലഭിക്കൂ. ‘രാജ്യം ആദ്യം’ എന്ന മനോഭാവത്തില്‍ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും 140 കോടി ഭാരതീയരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള മാധ്യമമാകുമെന്നും എനിക്ക് ഉറപ്പുണ്ട്.
ലോക്സഭാ സ്പീക്കര്‍ എന്ന നിലയില്‍ തന്റെ മഹത്തായ ചുമതല നിര്‍വഹിക്കുന്നതിന് ഓം ബിര്‍ളയ്ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. പൊതുജീവിതത്തില്‍ അദ്ദേഹത്തിന്
വലിയ അനുഭവസമ്പത്തുണ്ട്. തന്റെ കഴിവുകള്‍കൊണ്ട് ജനാധിപത്യ പാരമ്പര്യങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതില്‍ അദ്ദേഹം വിജയിക്കുമെന്ന് ഉറപ്പുണ്ട്.
കോടിക്കണക്കിന് ഭാരതീയര്‍ക്ക് വേണ്ടി ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള നന്ദിയും അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. 64 കോടി വോട്ടര്‍മാര്‍ ആവേശത്തോടെയും ഉത്സാഹത്തോടെയും കടമ നിര്‍വഹിച്ചു. ഇത്തവണയും സ്ത്രീകള്‍ വന്‍തോതില്‍ വോട്ട് രേഖപ്പെടുത്തി. ഈ തെരഞ്ഞെടുപ്പിലെ വളരെ ഹൃദ്യമായ വശം ജമ്മു കശ്മീരില്‍ നിന്നായിരുന്നു. വോട്ടിങ് ശതമാനത്തിലെ പതിറ്റാണ്ടായുള്ള റെക്കോര്‍ഡുകള്‍ കശ്മീര്‍ താഴ്വര ഇത്തവണ തകര്‍ത്തു. കഴിഞ്ഞ നാല് പതിറ്റാണ്ടായി, അടച്ചുപൂട്ടലുകള്‍ക്കും പണിമുടക്കുകള്‍ക്കും ഇടയില്‍ കശ്മീരിലേത് കുറഞ്ഞ വോട്ടിങ് ശതമാനമായിരുന്നു. ഭാരതത്തിന്റെ ശത്രുക്കള്‍ ആഗോള വേദികളില്‍ വ്യാജപ്രചാരണം തുടര്‍ന്നു, അത് ജമ്മു കശ്മീരിന്റെ അഭിപ്രായമായി ഉയര്‍ത്തിക്കാണിച്ചു. എന്നാല്‍, രാജ്യത്തിനകത്തും പുറത്തുമുള്ള ഇത്തരം ഓരോ ഘടകങ്ങള്‍ക്കും തക്കതായ മറുപടിയാണ് ഇത്തവണ കശ്മീര്‍ താഴ്വര നല്‍കിയത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ ഉദ്യോഗസ്ഥരും നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു.
ലോകം മുഴുവന്‍ സംസാരിക്കുന്നത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ്. തുടര്‍ച്ചയായി മൂന്നാം തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ സുസ്ഥിരമായ സര്‍ക്കാരിനെ ഭാരത ജനത തെരഞ്ഞെടുത്തു. ആറ് പതിറ്റാണ്ടിന് ശേഷമാണ് ഇത് സംഭവിച്ചത്. ജനത്തിന്റെ അഭിലാഷങ്ങള്‍ എക്കാലത്തെയും മികച്ച നിലയിലുള്ള ഈ സമയത്ത്, തുടര്‍ച്ചയായ മൂന്നാം തവണയും ജനങ്ങള്‍ എന്റെ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. എന്റെ സര്‍ക്കാരിന് മാത്രമേ തങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയൂ എന്ന് ഭാരതത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. അതിനാല്‍, 2024 ലെ ഈ തെരഞ്ഞെടുപ്പ് നയം, ഉദ്ദേശ്യം, സമര്‍പ്പണം, തീരുമാനങ്ങള്‍ എന്നിവയിലുള്ള വിശ്വാസത്തിന്റെ തെരഞ്ഞെടുപ്പാണ്:
ശക്തവും നിര്‍ണായകവുമായ സര്‍ക്കാരിലുള്ള വിശ്വാസം, സദ്ഭരണത്തിലും സ്ഥിരതയിലും തുടര്‍ച്ചയിലുമുള്ള വിശ്വാസം, സത്യസന്ധതയിലും കഠിനാധ്വാനത്തിലുമുള്ള വിശ്വാസം,സുരക്ഷിതത്വത്തിലും സമൃദ്ധിയിലുമുള്ള വിശ്വാസം, സര്‍ക്കാരിന്റെ ഉറപ്പുകളിലും നിര്‍വഹണത്തിലുമുള്ള വിശ്വാസം, വികസിത ഭാരതം എന്ന ഇന്ത്യയുടെ ദൃഢനിശ്ചയത്തിലുള്ള വിശ്വാസം.
കഴിഞ്ഞ 10 വര്‍ഷമായുള്ള എന്റെ സര്‍ക്കാരിന്റെ സേവന ദൗത്യത്തിനും സദ്ഭരണത്തിനും നല്കിയ അംഗീകാരമുദ്രയാണിത്. ഭാരതത്തെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുകയും ഭാരതം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യുക എന്നത് ദൃഢനിശ്ചയമാണ്.
18-ാം ലോക്സഭ പല തരത്തിലും ചരിത്രപരമാണ്. അമൃതകാലത്തിന്റെ ആദ്യ വര്‍ഷങ്ങളിലാണ് ഈ ലോക്സഭ രൂപീകരിച്ചത്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തിനും ഈ ലോക്സഭ സാക്ഷിയാകും. ഈ ലോക്സഭ പൊതുജനക്ഷേമത്തിനായുള്ള തീരുമാനങ്ങളുടെ പുതിയ അധ്യായം രചിക്കുമെന്ന് ഉറപ്പുണ്ട്. എന്റെ സര്‍ക്കാര്‍, വരുന്ന സമ്മേളനത്തില്‍ അതിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളുടെയും ഭാവി കാഴ്ചപ്പാടുകളുടെയും ഫലപ്രദമായ രേഖയായിരിക്കും ഈ ബജറ്റ്. സാമ്പത്തികവും സാമൂഹ്യവുമായ സുപ്രധാന തീരുമാനങ്ങള്‍ക്കൊപ്പം ചരിത്രപരമായ പല നടപടികളും ഈ ബജറ്റില്‍ കാണാനാകും ദ്രുതഗതിയിലുള്ള വികസനത്തിനായുള്ള ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി പരിഷ്കാരങ്ങളുടെ ഗതിവേഗം വര്‍ധിപ്പിക്കും. ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകണമെന്ന് എന്റെ സര്‍ക്കാര്‍ വിശ്വസിക്കുന്നു.
ഇതാണ് മത്സര സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ത്ഥ അന്തഃസത്ത. രാജ്യത്തിന്റെ വികസനം സംസ്ഥാനങ്ങളുടെ വികസനത്തിലാണെന്ന വിശ്വാസത്തില്‍ ഞങ്ങള്‍ മുന്നോട്ട് പോകും.
പരിഷ്കരിക്കാനും പ്രവര്‍ത്തിക്കാനും പരിവര്‍ത്തനം ചെയ്യാനുമുള്ള ദൃഢനിശ്ചയം ഭാരതത്തെ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാക്കി മാറ്റി. പത്തു വര്‍ഷത്തിനുള്ളില്‍, 11-ാം റാങ്കില്‍ നിന്ന് ഭാരതം അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നു. 2021 മുതല്‍ 2024 വരെ, പ്രതിവര്‍ഷം ശരാശരി 8 ശതമാനം വളര്‍ച്ച നേടി.
സാധാരണ സാഹചര്യങ്ങളിലല്ല ഈ വളര്‍ച്ച കൈവരിച്ചിട്ടുള്ളത്. സമീപ വര്‍ഷങ്ങളില്‍, 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് നാം കണ്ടത്. ആഗോള മഹാമാരിയ്ക്കിടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും രാജ്യം ഈ വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി നടപ്പാക്കിയ പരിഷ്കാരങ്ങളും സുപ്രധാന തീരുമാനങ്ങളും മൂലമാണ് ഇത് സാധ്യമായത്. ഇന്ന് ആഗോള വളര്‍ച്ചയുടെ 15 ശതമാനം സംഭാവന ചെയ്യുന്നത് ഭാരതമാണ്. ഇപ്പോള്‍, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നത് വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിന്റെ അടിത്തറയ്ക്കും കരുത്തേകും.
സമ്പദ്വ്യവസ്ഥയുടെ മൂന്ന് സ്തംഭങ്ങളായ ഉത്പാദനം, സേവനം, കൃഷി എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തുല്യപ്രാധാന്യം നല്‍കുന്നുണ്ട്. പിഎല്‍ഐ പദ്ധതികളും വ്യവസായ നടത്തിപ്പു സുഗമമാക്കലും വലിയ തോതില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതിനു കാരണമായി. പരമ്പരാഗത മേഖലകള്‍ക്കൊപ്പം, ഉയര്‍ന്നുവരുന്ന മേഖലകളെയും ദൗത്യമെന്ന നിലയില്‍ പ്രോത്സാഹിപ്പിക്കുന്നു.
സെമികണ്ടക്ടറോ സോളാറോ ആകട്ടെ, വൈദ്യുതവാഹനങ്ങളോ ഇലക്ട്രോണിക് സാധനങ്ങളോ ആകട്ടെ, ഹരിത ഹൈഡ്രജനോ ബാറ്ററിയോ ആകട്ടെ, വിമാനവാഹിനിക്കപ്പലുകളോ യുദ്ധവിമാനങ്ങളോ ആകട്ടെ, ഈ മേഖലകളിലെല്ലാം ഇന്ത്യ വികസിക്കുകയാണ്.
ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാനും ശ്രമം നടത്തുന്നുണ്ട്. സേവന മേഖലയ്ക്കും കരുത്തേകുകയാണ്. ഇന്ന്, ഐടി മുതല്‍ വിനോദസഞ്ചാരം വരെയും ആരോഗ്യം മുതല്‍ സൗഖ്യം വരെയും എല്ലാ മേഖലകളിലും ഭാരതം മുന്‍നിര രാജ്യമായി ഉയര്‍ന്നുവരികയാണ്.
ഇത് തൊഴിലിനും സ്വയംതൊഴിലിനും ധാരാളം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
കഴിഞ്ഞ 10 വര്‍ഷമായി, ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും സര്‍ക്കാര്‍ വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളും ക്ഷീര-മത്സ്യബന്ധന വ്യവസായങ്ങളും വിപുലീകരിക്കുന്നു. ഇക്കാര്യത്തിലും സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. കാര്‍ഷികോല്‍പ്പാദക സംഘടനകളുടെയും (എഫ്പിഒ) പിഎസിഎസ് പോലുള്ള സഹകരണ സംഘടനകളുടെയും വലിയ ശൃംഖല സര്‍ക്കാര്‍ സൃഷ്ടിക്കുന്നു. ചെറുകിട കര്‍ഷകരുടെ പ്രധാന പ്രശ്നം സംഭരണവുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍, സഹകരണ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ സംഭരണശേഷി സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരെ അവരുടെ ചെറിയ ചെലവുകള്‍ വഹിക്കാന്‍ പ്രാപ്തരാക്കുന്നതിന്, പിഎം കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 3,20,000 കോടിയിലധികം രൂപ വിതരണം ചെയ്തു.
പുതിയ ഭരണകാലയളവിന്റെ ആദ്യ ദിവസങ്ങളില്‍, 20,000 കോടിയിലധികം രൂപ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൈമാറി. ഖാരിഫ് വിളകളുടെ താങ്ങുവിലയിലും റെക്കോര്‍ഡ് വര്‍ധന വരുത്തി.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: