കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തമനുഭവിക്കുന്ന പ്രതികള്‍ക്കു ശിക്ഷായിളവു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദമായതോടെ തലയൂരാന്‍ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി.ജി. അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെ സംസ്ഥാന ആഭ്യന്തര വകുപ്പു സസ്പെന്‍ഡ് ചെയ്തു. തെറ്റായ പട്ടിക തയാറാക്കി പോലീസ് റിപ്പോര്‍ട്ട് തേടിയെന്ന പേരിലാണ് സസ്പെന്ഷന്.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ജയില്‍ മോചിതരാകേണ്ട പ്രതികളുടെ പട്ടിക സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി തയാറാക്കിയതും അവരെ മോചിപ്പിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പോലീസ് റിപ്പോര്‍ട്ട് തേടിയതും. ഇതു വിവാദമായി സര്‍ക്കാരിന്റെ മുഖം വികൃതമായപ്പോഴാണ് സസ്പെന്ഷന്.
ഈ മാസം 13നാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയത്. 59 പ്രതികളുടെ പട്ടിക തയാറാക്കി. ഇതില്‍ ടിപി വധക്കേസിലെ നാല്, അഞ്ച്, ആറ് പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത്, ടി.കെ. രജീഷ് എന്നിവരെ ഉള്‍പ്പെടുത്തി ഇളവു കൊടുക്കാനായിരുന്നു നീക്കം. സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡ പ്രകാരം തടവുകാര്‍ക്കു സ്പെഷല്‍ റെമിഷന് നല്കി വിട്ടയയ്ക്കാന് തീരുമാനിച്ചിട്ടുണ്ടെന്നും അതിനാല്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് സഹിതം ഫയലുകള്‍ സര്‍ക്കാരിലേക്കു സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണ് കത്തിലെ ഉള്ളടക്കം. കേസിലെ ഇരകളുടെ ബന്ധുക്കള്‍, പ്രതികളുടെ അയല്‍വാസികളും ബന്ധുക്കളും എന്നിവരോടു സംസാരിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കാനായിരുന്നു നിര്‍ദേശം.
ശിക്ഷയിളവ് സംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ട് തേടിയുള്ള കത്ത് വിവാദമായതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. ടിപി കേസ് പ്രതികള്‍ക്ക് 20 വര്‍ഷം വരെ ശിക്ഷയിളവ് പാടില്ലെന്ന കോടതി ഉത്തരവു നിലനില്‍ക്കേയാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നീക്കം. കഴിഞ്ഞ ദിവസം ഈ വിഷയം പ്രതിപക്ഷം നിയമസഭയിലുന്നയിച്ചപ്പോള്‍ ആഭ്യന്ത മന്ത്രി കൂടിയായ പിണറായി വിജയനുപകരം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മറുപടി പറഞ്ഞതു വിവാദമായിരുന്നു. ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ വീണ്ടും സബ്മിഷനു നീക്കം നടത്തിയതോടെ ഉദ്യോഗസ്ഥരെ ബലിയാടാക്കി സര്‍ക്കാര്‍ തലയൂരി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാര്‍ക്കു ശിക്ഷയിളവു നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയില്‍ മേധാവി കൊടുത്തു. ഈ പട്ടികയില്‍ ടിപി
കേസ് പ്രതികളെ തിരുകിക്കയറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: