ടറോബ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്ക ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ വെളുപ്പിന് നടന്ന സെമി ഫൈനലില്‍ അഫ്ഗാന് വെല്ലുവിളിയെ തവിടുപൊടിയാക്കിയാണ് എയ്ദെന്‍ മാര്‍ക്രവും കൂട്ടരും കലാശപ്പോരിലേക്ക് കടന്നത്.
സ്കോര്‍: അഫ്ഗാനിസ്ഥാന്-56(11.5), ദക്ഷിണാഫ്രിക്ക- 60/1(8.5)
മത്സരത്തിന്റെ ടോസ് അഫ്ഗാനായിരുന്നു. അട്ടിമറിയുടെ വമ്പുമായെത്തിയ അഫ്ഗാന് കരുത്തിനെ അത്യുഗ്രന്‍ ബൗളിങ്ങിലൂടെയാണ് ദക്ഷിണാഫ്രിക്ക മെരുക്കിയത്. മാര്‍കോ ജാന്സെന് നല്കിയ തുടക്കം കാഗിസോ റബാഡയും നോര്‍ട്ട്ജെയും ഏറ്റെടുത്തു. ഒടുവില്‍ തബ്രായിസ് ഷംസി പൂര്‍ത്തിയാക്കി. 12-ാം ഓവറിന്റെ അഞ്ചാം പന്തില്‍ അഫ്ഗാന് തീര്‍ന്നു. പത്ത് റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായി ആണ് അഫ്ഗാന് നിരയിലെ ടോപ് സ്കോറര്‍.
മികച്ച രീതിയില്‍ സ്വിങ് ചെയ്യിക്കാന്‍ കഴിഞ്ഞ ടറോബയിലെ പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മിന്നല്‍ പിണരുകള്‍ തീര്‍ക്കുകയായിരുന്നു. പേസര്‍മാര്‍ റിവേഴ്സ് സ്വിങ്ങുകള്‍ക്കൊണ്ട് അഫ്ഗാന് നിരയെ കശക്കി സ്പിന്നര്‍ ഷംസിയെ നേരിടാന്‍ വല്ലാതെ ബുദ്ധിമുട്ടി. ഒരോവറും അഞ്ച് പന്തും മാത്രമേ താരം എറിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് പേരെ വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോള്‍ അഫ്ഗാന് നായകന് റഷീദ് ഖാനെ(പൂജ്യം) ക്ലീന്‍ ബൗള്‍ഡാക്കി ഷംസി.
എറിഞ്ഞ മൂന്ന് ഓവറുകളിലും വിക്കറ്റ് നേടി മാര്‍കോ ജാന്സെന് ആണ് അഫ്ഗാന്റെ തകര്‍ച്ച പകുതിയും പൂര്‍ത്തിയാക്കിയത്. മൂന്ന് ഓവര്‍ എറിഞ്ഞ താരം 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. ജാന്സെന് പിന്തുണയായെത്തിയ റബാഡയും നോര്‍ട്ജെയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി അഫ്ഗാന് പ്രതീക്ഷകള്‍ പാടെ തളര്‍ത്തി. ഒടുവില്‍ ഷംസിയുടെ കുത്തിതിരിയുന്ന പന്തുകള്‍ കൂടിയായപ്പോള്‍ അഫ്ഗാന് ഫിനിഷ്.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനെ പുറത്താക്കാനായത് മാത്രമാണ് അഫ്ഗാന്റെ നേട്ടം. ഫസല്‍ഹഖ് ഫറൂഖി ഡിക്കോക്കിനെ(അഞ്ച്) ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. റീസ ഹെന്‍ഡ്രിക്സും(29) എയ്ദെന്‍ മാര്‍ക്രവും(23) പുറത്താകാതെ നിന്ന് കളി ജയിപ്പിച്ചു.
ആദ്യ റൗണ്ടില്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച അവര്‍ കരുത്തറിയിച്ചിരുന്നു. ഗ്രൂപ്പ് സിയില്‍ നിന്നും വെസ്റ്റിന്‍ഡീസിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു.
ആദ്യമത്സരത്തില്‍ വമ്പന്മാരായ ഓസ്ട്രേലിയയെ നിലംപരിശാക്കി അവരുടെ സെമി സാധ്യത തുലാസിലാക്കി. പിന്നീട് ഭാരതത്തോട് തോറ്റെങ്കിലും അവസാന പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷയും കെടുത്തിക്കളഞ്ഞു. സെമി പ്രവേശത്തെ അഫ്ഗാന് നായകന് റഷീദ് ഖാന് വരവേറ്റത് കണ്ണീരോടെയാണ്. ഇത് പോലും ഞങ്ങള്‍ക്ക് സ്വപ്ന സാഫല്യമാണെന്ന് റഷീദ് ഖാന് വികാരാഭരിതമായി പറഞ്ഞു.
ഇന്നലെ തോല്‍വിക്ക് ശേഷം താരം വീണ്ടും പറഞ്ഞു- ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച ലോകകപ്പ് ആണ് കടന്നുപോകുന്നത്. കുറേ കാര്യങ്ങള്‍ പഠിക്കാനായെന്ന് കണക്കാക്കുന്നു. മെച്ചപ്പെടുത്താനുള്ള പോരായ്മകള്‍ പരിഹരിച്ചുകൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: