തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നാലുപേര്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കം സജീവമെന്ന് നിയമസഭയില്‍ പ്രതിപക്ഷം. ഇതുസംബന്ധിച്ച് 21, 22, 26 തീയതികളില്‍ പോലീസ് കെ.കെ. രമയുടെ മൊഴി രേഖപ്പെടുത്തിയെന്നും സബ്മിഷനില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
ടിപി കേസിലെ പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷായിളവ് നല്‍കില്ലെന്ന് സര്‍ക്കാരിന്റെ ഉറപ്പ് വേണമെന്നും സതീശന് ആവശ്യപ്പെട്ടു.
എന്നാല്‍ ഇത്തവണയും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. സഭയിലില്ലാതിരുന്ന മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറഞ്ഞത് മന്ത്രി എം.ബി. രാജേഷ്. പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണെന്നായിരുന്നു മന്ത്രിയുടെ വാദം. പുതുക്കിയ ശിക്ഷായിളവ് പട്ടിക സര്‍ക്കാരിന്റെ പരിഗണനക്ക് എത്തിയിട്ടില്ല. മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടുവെന്നും എം.ബി. രാജേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയില്‍ വിഷയം അടിയന്തരപ്രമേയമായി ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ മറുപടി നല്കിയതും അടിയന്തിര പ്രമേയനോട്ടീസ് അവതരിപ്പിക്കാന്‍ അനുവദിക്കാതിരുന്നതും വിവാദമായിരുന്നു. തുടര്‍ന്ന് ഇന്നലെ സബ്മിഷനായി ഉന്നയിക്കുകയായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു പുതുക്കിയ പട്ടിക സമര്‍പ്പിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്കി.
ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലീസ് റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡ പ്രകാരമല്ല. ശിക്ഷാ ഇളവിന് പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ ആരാഞ്ഞ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ കത്തും ജയില്‍ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് ജയില്‍ സൂപ്രണ്ട് നല്കിയ വിശദീകരണവും മാധ്യമങ്ങള്‍ക്ക് ലഭിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. മന്ത്രി പറഞ്ഞു.
തെറ്റായ പട്ടിക തയ്യാറാക്കി പോലീസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതിപ്പട്ടികയിലുള്ള സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മനോജിന് ശിക്ഷായിളവ് നല്‍കുന്നതിന്റെ ഭാഗമായി പോലീസ് 26 ന് കെ.കെ. രമയുടെ അഭിപ്രായം തേടിയെന്ന് വി.ഡി. സതീശന് പറഞ്ഞു. സബ്മിഷന് മന്ത്രിയുടെ മറുപടിക്കുശേഷവും പ്രതിപക്ഷനേതാവ് സംസാരിക്കാനെഴുന്നേറ്റതോടെ ഭരണപക്ഷം ബഹളംവച്ചു. തുടര്‍ന്ന് ചെയര്‍ അടുത്ത നടപടിയിലേക്ക് കടന്നതോടെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചെയറിന്റെ നിര്‍ദേശപ്രകാരം സീറ്റിലേക്ക് മടങ്ങിയശേഷം സംസാരിച്ച പ്രതിപക്ഷ നേതാവ് സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: