ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സഹയാത്രികന് യൂജിന്‍ ബുച്ച് വില്‍മോറും ഭൂമിയിലെത്താന്‍ ഇനിയും വൈകും. ഇവര്‍ സഞ്ചരിച്ച ബോയിങ് സ്റ്റാര്‍ലൈനറെന്ന ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനാവത്തതിനാലാണ് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ തീയതി നീട്ടിവെച്ചത്.
ജൂണ്‍ 14ന് മടങ്ങേണ്ട പേടകം നാലാം തവണയാണ് യാത്ര മാറ്റുന്നത്. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വരുമെന്നാണ് പുറത്തുവരുന്ന വിവരം. ജൂലൈ രണ്ടിന് ശേഷമേ പേടകത്തിന്റെ തിരിച്ചുവരവ് സാധ്യമാകൂവെന്നാണ് നാസ പറയുന്നത്.
ജൂണ്‍ അഞ്ചിനാണ് ഇരുവരും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് ശേഷം 14ന് തിരിച്ചെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് അത് 22 ലേക്കും തുടര്‍ന്ന് 26 ലേക്കും മാറ്റി. എന്നാല്‍ തകരാര്‍ പൂര്‍ണമായും ഇനിയും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ജൂലൈ രണ്ടിന് ശേഷമേ തിരികെയെത്തുകയുള്ളൂവെന്നാണ് അവസാനമായി നാസ അറിയിച്ചത്.
ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകമായ ബോയിങ് സ്റ്റാര്‍ലൈനറില്‍ ഹീലിയം വാതക ചോര്‍ച്ചയുണ്ടായതായി കണ്ടെത്തി. ഇതോടെ പേടകത്തിന്റെ ചില യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. ഇതടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും നാസ അറിയിച്ചു.
വാണിജ്യാടിസ്ഥാനത്തില്‍ സഞ്ചാരികളെ എത്തിച്ച് ബഹിരാകാശ നിലയത്തില്‍ പാര്‍പ്പിച്ച് തിരികെ കൊണ്ടുവരുന്ന നാസയുടെ ദൗത്യത്തിന്റെ ഭാഗമായാണ് ഇരുവരും ബഹിരാകാശ യാത്ര നടത്തിയത്. 2012ല്‍ ബഹിരാകാശയാത്ര നടത്തിയ സുനിതാ വില്യംസിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന റെക്കോര്‍ഡ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: