മൂവാറ്റുപുഴ: മാലിന്യ നിക്ഷേപത്തിനെതിരെ ഘോര ഘോരം പ്രസംഗിക്കുകയും ഇതിനായി കുടുംബശ്രീയെയും ഹരിതകർമ്മ സേനയെയും എല്ലാം ഉപയോഗിച്ച് പ്രവർത്തിക്കുമ്പോഴും സിപിഎം ചെയ്യുന്നത് ഇതിന്റെ കടക വിരുദ്ധമായ കാര്യങ്ങൾ. സിപിഎം നേതാവായ ഗ്രാമപഞ്ചായത്തംഗം വീട്ടിലെ മാലിന്യം വഴിയരുകിൽ തള്ളുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നു.
മഞ്ഞള്ളൂർ പഞ്ചായത്തംഗം പി.എസ്. സുധാകരനാണ് സ്കൂട്ടറിലെത്തി മാലിന്യം വഴിയരികിൽ തള്ളിയത്. ആവോലി പഞ്ചായത്ത് പ്രദേശത്താണ് സുധാകരൻ മാലിന്യം തള്ളിയത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോൾ മാലിന്യം നിറഞ്ഞ കൂട് കാലുകൊണ്ട് ഫുട്ബോൾപോലെ തട്ടി റോഡിലേക്കിടുകയായിരുന്നു.
മഞ്ഞള്ളൂർ പഞ്ചായത്തിലെ സിപിഎം പ്രതിനിധിയാണ് സുധാകരൻ. പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ദൃശ്യങ്ങൾ സഹിതം ആവോലി പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാൻ തയാറായില്ല. പിന്നീട് ജനപ്രതിനിധികൾ ഇടപെട്ടതോടെ 1000 രൂപ പിഴ ഈടാക്കി. പഞ്ചായത്തിൽ മാലിന്യം തള്ളിയാൽ 10,000 രൂപയാണ് പിഴ. 1000 രൂപ മാത്രം അടപ്പിച്ചതിൽ പ്രതിഷേധം ഉയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: