ന്യൂദല്‍ഹി: ലോക്സഭാ സ്പീക്കറായി ഓം ബിര്‍ള വീണ്ടും എത്തുമ്പോള്‍ സവിശേഷതകളേറെ. 1952നും 1976നും ശേഷം തെരഞ്ഞെടുപ്പിലൂടെ സ്പീക്കര്‍ പദവിയില്‍ എത്തുന്ന മൂന്നാമനാണ് ഓം ബിര്‍ള. രണ്ടുപതിറ്റാണ്ടിനിടെ, രണ്ടുതവണ സ്പിക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി, ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാതെ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ സ്പീക്കര്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സ്പീക്കര്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് ഓം ബിര്‍ള.
എല്ലാ അംഗങ്ങളെയും ഒന്നായി കണ്ട് ഒരുപോലെ പെരുമാറുന്ന സഭാനാഥനാണ് ഓംബിര്‍ളയെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷം തെളിയിച്ചതാണ്. പുഞ്ചിരിച്ചുകൊണ്ട് ഒപ്പം നില്‍ക്കുന്നതിനൊപ്പം തന്നെ ആവശ്യമുള്ള സമയങ്ങളില്‍ അംഗങ്ങളെ സഭയുടെ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ഓര്‍മ്മിപ്പിക്കാനും അദ്ദേഹം മറക്കാറില്ല. നില മറന്ന് പെരുമാറുന്ന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അദ്ദേഹം മടിച്ചിട്ടില്ല. ശൈലി കൊണ്ടും സഭാനിയന്ത്രണ മികവുകൊണ്ടും വ്യത്യസ്തനാണ് അദ്ദേഹം.
സുമിത്രാ മഹാജന്റെ പിന്മുറക്കാരനായി 2019 ലാണ് സ്പീക്കര്‍ കസേരയില്‍ ഓം ബിര്‍ള എത്തുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, പൗരത്വഭേദഗതി നിയമം, വനിതാ സംവരണനിയമം, രാമക്ഷേത്രപ്രാണപ്രതിഷ്ഠ പ്രമേയം, മൂന്ന് ക്രിമിനില്‍ നിയമങ്ങള്‍ തുടങ്ങി സ്വതന്ത്രഭാരത ചരിത്രത്തിലെ സുപ്രധാന നിയമനിര്‍മ്മാണങ്ങളടക്കം നടന്നത് ഓംബിര്‍ള സഭാനാഥനായിരിക്കെയാണ്. ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയതിന് തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ അയോഗ്യയാക്കിയതും സഭാ ചട്ടം പാലിക്കാത്ത നൂറില്‍ അധികം എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടികളും ഓം ബിര്‍ളയിലെ കര്‍ക്കശക്കാരനെ അടയാളപ്പെടുത്തുന്നു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളെ സഭയ്‌ക്കുള്ളില്‍ ഇഴകീറി വിമര്‍ശിച്ച ഓം ബിര്‍ള ലോക്സഭാ സാമാജികന്‍ എന്ന നിലയിലും ശ്രദ്ധ പിടിച്ചുപറ്റി. പാര്‍ലമെന്റില്‍ 86% ഹാജര്‍നില. സഭയില്‍ 671 ചോദ്യങ്ങള്‍. 163 ചര്‍ച്ചകളില്‍ പങ്കാളിത്തം. 1987 മുതല്‍ 2003 വരെ യുവമോര്‍ച്ച ജില്ലാ പ്രഡിഡന്റ്, സംസ്ഥാന അദ്ധ്യക്ഷന്‍, ദേശീയ ഉപാദ്ധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ലിമിറ്റഡ് വൈസ് ചെയര്‍മാന്‍, ജയ്പൂര്‍ കോണ്‍ഫെഡ് ചെയര്‍മാന്‍ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക