ന്യൂദല്‍ഹി: ഭരണഘടന അട്ടിമറിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അന്‍പതാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസിനെതിരേ പാര്ലമെന്റിലുയര്ന്നത് അസാധാരണ പ്രതിഷേധം. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഓംബിര്‍ള അടിയന്തരാവസ്ഥാ വിരുദ്ധ പ്രമേയം അവതരിപ്പിച്ചത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു. അജണ്ടയിലില്ലാത്ത പ്രമേയാവതരണത്തില്‍ ഇന്ദിര ഗാന്ധിയെയും കോണ്‍ഗ്രസിനെയും നിശിതമായി സ്പീക്കര്‍ വിമര്‍ശിച്ചത് പ്രതിപക്ഷ ബെഞ്ചിനെ നിരായുധരാക്കി. അടിയന്തരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് സഭയ്ക്കു പുറത്ത് പാര്‍ലമെന്റുവളപ്പില്‍ ബിജെപി അംഗങ്ങളും കേന്ദ്ര മന്ത്രിമാരും പ്രതിഷേധിച്ചു. പ്രമേയം അവതരിപ്പിച്ച സ്പീക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം ഓര്‍മിപ്പിച്ച സ്പീക്കര്‍ മൗന പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. അടിയന്തരാവസ്ഥയെ സഭ അപലപിക്കുന്നെന്നും ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അതെന്നും പ്രമേയത്തില്‍ സ്പീക്കര്‍ കുറ്റപ്പെടുത്തി. അക്കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനയെ ചവിട്ടി മെതിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരേ പോരാടി ജയില്‍വാസമനുഷ്ഠിച്ചവരെയും മരിച്ചവരെയും സ്മരിച്ച് മൗനമാചരിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.
ഭരണപക്ഷാംഗങ്ങള്‍ മൗനമാചരിച്ച് എണീറ്റുനിന്നപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കി. പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ചേരാതെ മാറി നിന്നതു ശ്രദ്ധേയമായി. പ്രമേയം പാസായതിനു പിന്നാലെ കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ചു. ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ഇന്നു രാവിലെ 11ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും.
പ്രമേയമിങ്ങനെ
”1975ല്‍ രാജ്യത്തു നടപ്പാക്കിയ അടിയന്തരാവസ്ഥയെ ഈ സഭ പൂര്‍ണമായും അപലപിക്കുന്നു. അടിയന്തരാവസ്ഥയെ എതിര്‍ത്ത് രാജ്യത്തിന്റെ ജനാധിപത്യ സംരക്ഷണ ഉത്തരവാദിത്തമേറ്റെടുത്തു പോരാടിയവരുടെ സമര്‍പ്പണത്തെ അഭിനന്ദിക്കുന്നു. 1975 ജൂണ്‍ 25 എക്കാലവും ഭാരത ചരിത്രത്തിലെ കറുത്ത ദിനമായി അറിയപ്പെടും. അന്നാണ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ബാബാ സാഹേബ് അംബേദ്കര്‍ രചിച്ച ഭരണഘടനയെ അക്രമിക്കുകയും ചെയ്തത്.
ലോകം മുഴുവന്‍ ഭാരതം അറിയപ്പെടുന്നത് ജനാധിപത്യത്തിന്റെ മാതാവ് എന്ന പേരിലാണ്. ജനാധിപത്യ മൂല്യങ്ങളും ചര്‍ച്ചകളും എക്കാലവും ഭാരതത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. ജനാധിപത്യ മൂല്യങ്ങളെ എക്കാലവും സംരക്ഷിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള രാജ്യത്താണ് ഇന്ദിര ഗാന്ധി സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിച്ചത്. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ത്തെറിയുകയും അഭിപ്രായ സ്വാതന്ത്ര്യമില്ലാതാക്കുകയും ചെയ്തത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: