ഒരു ശക്തിക്കും തങ്ങളെ തകര്‍ക്കാനാവില്ലെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുമ്പോള്‍ ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ആഞ്ഞടിക്കാനും അദാനി മറന്നില്ല. ഒരു വെല്ലുവിളിക്കും തങ്ങളുടെ അടിസ്ഥാന ശക്തിയെ ദുർബലപ്പെടുത്താൻ കഴിയില്ലെന്നും ഇത് തെളിയിക്കുന്നതായും അദാനി വ്യക്തമാക്കി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ട് തങ്ങളെ അപകീർത്തിപ്പെടുത്താൻ ഉണ്ടാക്കിയതാണെന്നും ഗൗതം അദാനി ആരോപിച്ചു. അദാനി ഗ്രൂപ്പ് ഈ കൊടുങ്കാറ്റിനെ നേരിടുക മാത്രമല്ല, കൂടുതൽ ശക്തമായി ഉയർന്നുവരുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെട്ടു. മറുവശത്ത് ഫോളോ-ഓൺ പബ്ലിക് ഓഫറിന്റെ സമയത്ത് രാഷ്‌ട്രീയ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. ഈ ഇരട്ട വെല്ലുവിളിയെ അതിജീവിച്ച് അദാനി ഗ്രൂപ്പ് ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി നാഴികക്കല്ലുകൾ പിന്നിട്ടു. – അദാനി പറഞ്ഞു.
വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ട അക്ക വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അദാനി പവറിന്റെ പ്രവർത്തന ശേഷി 12 ശതമാനം വർധിച്ച് 15,250 മെഗാവാട്ടായി. അതേസമയം, സിഎൻജി സ്റ്റേഷനുകൾ വിപുലീകരിച്ചുകൊണ്ടുള്ള അദാനി ടോട്ടൽ ഗ്യാസ് 900 സ്റ്റേഷനുകൾ പിന്നിട്ടതായും അദ്ദേഹം പറഞ്ഞു.
പെന്ന സിമന്‍റിനെക്കൂടി 10000ല്‍ പരം കോടി രൂപയ്‌ക്ക് ഏറ്റെടുത്തതോടെ അദാനി ഗ്രൂപ്പിന്റെ സിമന്‍റ് ഉൽപാദന ശേഷി 67.5 എംടിപിഎയിൽ നിന്ന് 79 എംടിപിഎയായി ഉയർന്നിട്ടുണ്ടെന്നും ഇത് 2028ഓടെ 140 എംടിപിഎയായി ഉയരുമെന്നും ഗൗതം അദാനി പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ കയ്യില്‍ 59,791 കോടി രൂപ കരുതൽ ശേഖരം ഉണ്ടെന്ന് അദാനി ചൂണ്ടിക്കാട്ടി.
അദാനി ഗ്രൂപ്പ് ഇനി വിമാനത്താവളങ്ങളിലും വൈദ്യുതി ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പൊതുയോഗത്തിൽ അദാനി പറഞ്ഞു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള എൻഡിടിവിയുടെ ആഗോള ഡിജിറ്റൽ ഉപഭോഗം 39% വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: