ന്യൂയോര്‍ക്ക് : യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ജമ്മുകശ്മീര്‍ വിഷയം പരാമര്‍ശിച്ച പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക് പ്രതിനിധി കശ്മീരിനെക്കുറിച്ച് അടിസ്ഥാനരഹിതവും വഞ്ചനാപരവുമായ കാര്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇത് തങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലെന്നും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പ്രതീക് മാത്തൂര്‍ പറഞ്ഞു.
ജമ്മുകശ്മീരിനെക്കുറിച്ച് അടിസ്ഥാനരഹിതവും വഞ്ചനാപരവുമായ പ്രസ്താവനകളാണ് നടത്തിയത്. എന്തെങ്കിലും പ്രതികരണം നടത്തി ഇത്തരം പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉദ്ദേശിക്കുന്നില്ല. സഭയുടെ സമയം അപഹരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ വാര്‍ഷിക റിപ്പോര്ട്ടിന്മേല് പൊതുസഭയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസ്താവന നടത്തുന്നതിനിടെയാണ് മാത്തൂറിന്റെ പ്രതികരണം.
ചര്‍ച്ചയ്ക്കിടെ പാകിസ്ഥാന്റെ ഐക്യരാഷ്ട്രസഭ പ്രതിനിധി മുനിര്‍ അക്രമാണ് കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്. ഐക്യരാഷ്ട്രസഭയുടെ വിവിധ വേദികളില്‍ സന്ദര്‍ഭം നോക്കാതെ പാകിസ്ഥാന് നിരന്തരം കശ്മീര്‍ വിഷയം ഉയര്‍ത്താറുണ്ട്. അത് കൊണ്ട് തന്നെ ഇതിനൊന്നും വേണ്ട ശ്രദ്ധ കിട്ടാറുമില്ല.
രാജ്യാന്തര വേദികളില്‍ കശ്മീര്‍ വിഷയം ഉയര്‍ത്താനുള്ള പാകിസ്ഥാന്റെ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യ മുമ്പും രംഗത്ത് വന്നിരുന്നു. ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന നിലപാടാണ് ഇന്ത്യ എല്ലായ്പ്പോഴും ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: