ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്കു മത്സരമെന്ന തരത്തില്‍ ദൃശ്യമാധ്യമങ്ങള്‍ ഇന്നലെ രാവിലെ മുതല്‍ വാര്‍ത്തകള്‍ നല്‍കിയെങ്കിലും വസ്തുത അതല്ല. പലവട്ടം ലോക്സഭാ സ്പീക്കര്‍ പദവിയിലേക്ക് രാജ്യത്തു മത്സരമുണ്ടായിട്ടുണ്ട്.
1952ല്‍ അന്നത്തെ സ്പീക്കറായിരുന്ന മാവലങ്കാറിനെതിരേ വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവ് ശങ്കര്‍ ശാന്താറാം മോര് മത്സരിച്ചു പരാജയപ്പെട്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 1976ല്‍ ഇന്ദിര ഗാന്ധിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായ ബലിറാം ഭഗത്തിനെതിരേ ജയിലിലടയ്ക്കപ്പെട്ട ജഗന്നാഥ റാവു ജോഷി മത്സരിച്ചിരുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിനു നല്കണമെന്നതില് നിയമമില്ലെന്നു ചൂണ്ടിക്കാട്ടി നരസിംഹ റാവു സര്‍ക്കാര്‍ ബിജെപിക്കു ഡെപ്യൂട്ടി സ്പീക്കര്‍ പദവി നിരസിച്ചിരുന്നു. എന്നാല്‍ വാജ്പേയി സര്‍ക്കാര്‍ ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിനു കൊടുത്തു. തുടര്‍ന്നു വന്ന യുപിഎ സര്‍ക്കാരും രണ്ടു തവണയും ഈ പദവി പ്രതിപക്ഷത്തിനു നല്കി. ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ലഭിച്ച ബിജെപി 2014ല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി എഐഎഡിഎംകെയുടെ തമ്പി ദുരൈക്കു നല്‍കിയിരുന്നു. 2019ല്‍ ഈ പദവിയില്‍ ആരെയും നിയോഗിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: