കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ടു റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പിഎഫ്ഐ ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സദ്ദാം ഹുസൈന്, കരമന അഷ്റഫ് മൗലവി, നൗഷാദ്, അഷ്റഫ്, യഹിയ തങ്ങള്‍, മുഹമ്മദലി എന്ന കുഞ്ഞാപ്പു, അബ്ദുല്‍ സത്താര്‍, അന്‍സാരി ഈരാറ്റുപേട്ട, സി.എ. റൗഫ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.
എന്നാല്‍ പാലക്കാട് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട കേസിലും പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കു ജാമ്യം അനുവദിച്ചു. ഇരുകേസിലുമായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാനടക്കം 17 പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന എന്‍ഐഎ വാദം തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
എന്‍ഐഎ പ്രത്യേക കോടതിയുടെ അനുമതിയോടെയേ സംസ്ഥാനം വിട്ടുപോകാവൂവെന്ന ഉപാധിയുണ്ട്. പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന് താമസ സ്ഥലത്തിന്റെ മേല്‍വിലാസം നല്‍കണം. പാസ്പോര്‍ട്ട് ഹാജരാക്കണം. ജാമ്യ കാലയളവില്‍ ഒരു മൊബൈല്‍ നമ്പരേ ഉപയോഗിക്കാവൂ. അത് എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം. ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുടെ ജിപിഎസ് 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായിരിക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ താമസിക്കുന്ന പരിധിയിലുള്ള പോലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ മുമ്പാകെ ഹാജരാകണം എന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: