കോഴിക്കോട്: കോഴിക്കോടിനെ യുനെസ്കോ അംഗീകരിച്ച സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയ ഇടതുമുന്നണി സര്‍ക്കാര്‍ സാംസ്കാരിക നിന്ദയാണ് കാണിച്ചതെന്ന് തപസ്യ കലാസാഹിത്യവേദി കുറ്റപ്പെടുത്തി.
വേണ്ടത്ര സമയമുണ്ടായിട്ടും കോഴിക്കോട്ടെ സാഹിത്യ- സാംസ്കാരിക നായകന്മാരെ ശരിയായി ക്ഷണിക്കാതെയും പങ്കെടുപ്പിക്കാതെയും മഹത്തായ ഒരു പരിപാടിയുടെ നിറംകെടുത്തുകയാണ് ചെയ്തതെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും പ്രസ്താവനയില്‍ പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ചുപോയത് പദവിക്ക് നിരക്കാത്തതാണ്. വിമര്‍ശനം ഭയന്ന് എം.ടി. വാസുദേവന്‍ നായരുമായി വേദി പങ്കിടാന്‍ മുഖ്യമന്ത്രി തയ്യാറാവാതിരുന്നതാണോയെന്ന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രിയും എംടിയും വേദിയില്‍ ഒന്നിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇവര്‍ രണ്ടുപേരും എത്താതിരുന്നത് കോഴിക്കോടിന്റെ സാംസ്കാരികപ്പെരുമയെ സ്നേഹിക്കുന്നവരെ നിരാശപ്പെടുത്തി.
സാഹിത്യ- സാംസ്കാരിക നായകന്മാര്ക്കു പകരം മന്ത്രി എം.ബി. രാജേഷും മന്ത്രി മുഹമ്മദ് റിയാസും തോട്ടത്തില്‍ രവീന്ദ്രനും എ. പ്രദീപ്കുമാറും ടി.പി. ദാസനുമൊക്കെ വേദി കയ്യടക്കി ഒരു സാംസ്കാരിക പരിപാടിയെ രാഷ്ട്രീയവല്കരിക്കുകയാണുണ്ടായത്.
നഗരപരിധിയില്‍ താമസിക്കുന്ന സാഹിത്യകാരന്മാരെപ്പോലും വേദിയിലെത്തിക്കാന്‍ കഴിയാതിരുന്നത് സംഘാടകരുടെ വീഴ്ചയാണ്. സാഹിത്യ- സാംസ്കാരിക രംഗത്തും വിഭാഗീയത സ്വീകരിക്കാനുള്ള സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നീക്കം അംഗീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: