ലെയ്പ്‌സിഗ്: പ്രായം 38ലെത്തിയ ലൂക്കാ മോഡ്രിച്ചിന്റെയും സംഘത്തിന്റെയും ഹൃദയം തകര്‍ത്തുകൊണ്ട് മാറ്റിയ സക്കാഗ്നി ഇറ്റലിക്ക് വേണ്ടി ആ ദൗത്യം നിറവേറ്റി. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും നിലവിലെ ജേതാക്കളായ അസൂറിപ്പടയെ നോക്കൗട്ടിലേക്ക് ഉയര്‍ത്തി. ഏകപക്ഷീയമായ ഒരു ഗോളിന് ഇറ്റലിയെ പിന്തള്ളി ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചുനില്‍ക്കെയാണ് 90+8-ാം മിനിറ്റില്‍ ഇറ്റലി സമനില പിടിച്ചത്.
ഗ്രൂപ്പ് ബിയില്‍ ക്രൊയേഷ്യയ്‌ക്ക് ജയം അനിവാര്യമായിരുന്നു. ഇറ്റലിക്ക് സമനില മതിയായിരുന്നു.
ഫൈനലിന്റെ തീവ്രതയോടെയാണ് റെഡ്ബുള്‍ അരീന സ്റ്റേഡിയത്തില്‍ ക്രൊയേഷ്യ-ഇറ്റലി ടീമുകള്‍ തുടങ്ങിയത്. മത്സരം അന്തിമ വിസില്‍ മുഴക്കുവോളം ആ ടെംപോയില്‍ മാറ്റമുണ്ടായില്ല. അത്യുഗ്രന്‍ നീക്കങ്ങളും ഗോളെന്നുറച്ച ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളുമായി കളി മുന്നേറി. ഇറ്റാലിയന്‍ നായകനും ഗോളിയുമായ ജിയാന്‍ ലൂയിജി ഡന്നരുമ പലകുറി പരീക്ഷിക്കപ്പെട്ടു. ക്രൊയേഷ്യന്‍ ഗോളിക്കും നന്നായി പണിയെടുക്കേണ്ടിവന്നു. മത്സരം കനത്തെങ്കിലും ആദ്യ പാതി ഗോളില്ലാതെ തീര്‍ന്നു.
രണ്ടാം പകുതിയില്‍ കളിയുടെ തുടങ്ങി അധികം താമസിയാതെ നാടകീയതയ്‌ക്കും തുട്ടമിട്ടു. 52-ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ മുന്നേറ്റത്തില്‍ ബ്രോസോവിച് നല്‍കിയ അപകടകരമായ ക്രോസിലേക്ക് തൊടുത്ത ക്രമറിച്ചിന്റെ ഷോട്ട് ഇറ്റാലിയന്‍ താരം ദാവീദ് ഫ്രറ്റേസിയുടെ കൈയില്‍ തട്ടി. താരം ബോക്‌സിനകത്തായിരുന്നതിനാല്‍ ക്രോട്ടുകള്‍ അപ്പീല്‍ മുഴക്കി. റഫറി വാര്‍ പരിശോധനയ്‌ക്ക് ശേഷം പെനല്‍റ്റി വിധിച്ചു. പരിചയ സമ്പന്നനും നായകനുമായ മോഡ്രച്ചിന്റെ സ്‌പോട്ട് കിക്ക് ഡന്നരുമ തടുത്തകറ്റി. രണ്ട് മിനിറ്റിനകം വീണ്ടുമൊരു ക്രൊട്ട് മുന്നേറ്റം. ഇറ്റാലിയന്‍ ബോക്‌സ് വിറകൊണ്ടു. ക്ലോസ് റേഞ്ചില്‍ നിന്നും ബുഡിമിര്‍ ഗോളിലേക്ക് പായിച്ച ഷോട്ടിനെ ഡന്നരുമ തടുത്തു റീബൗണ്ടിലേക്ക് കുതിച്ചുകയറിയ മോഡ്രിച് ഇടംകൊല്‍ കൊണ്ട് ഗോള്‍വലയ്‌ക്കുള്ളിലൂടെ അസൂറിപ്പടയുടെ മേല്‍കൂര തകര്‍ത്തു. മോഡ്രിച്ച് അടക്കമുള്ള ക്രൊയേഷ്യന്‍ താരങ്ങളും ആരാധകരും കണ്ണീര്‍ പൊഴിച്ചുകൊണ്ടാണ് ഈ ഗോളിനെ വരവേറ്റത്.
തീപാറും പോരാട്ടം പിന്നെയും തുടര്‍ന്നു. മൂന്ന് പ്രതിരോധക്കാരെയുംകൊണ്ട് 3-1-4-2 ഫോര്‍മേഷനിലിറക്കിയതും മതിയാവില്ലെന്ന് കണ്ട ഇറ്റലി കോച്ച് ലൂസിയാനോ സ്പല്ലേറ്റി 81-ാം മിനിറ്റില്‍ പ്രായം കൂടിയ പ്രതിരോധതാരം മാറ്റിയോ ഡര്‍മിയാനെ പിന്‍വലിച്ച് 20കാരനായ മാറ്റിയ സക്കാഗ്നി എന്ന മദ്ധ്യനിരക്കാരനെ കളത്തിലോട്ട് വിട്ടു. അതിന്റെ ഫലം ചെന്നു നിന്നത് അവസാന നിമിഷത്തെ താരത്തിന്റെ മനോഹരമായൊരു ലോങ് റേഞ്ചര്‍ ഗോളില്‍. സീരിയ എയില്‍ ലാസിയോക്ക് വേണ്ടി കളിക്കുന്ന താരമാണ് സക്കാഗ്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: