മുംബൈ: സിന്ധ്‌ഖേഡ് രാജയിലെ ഉത്ഖനനത്തില്‍ ശേഷശായി വിഷ്ണുവിന്റെ കൂറ്റന്‍ വിഗ്രഹം കണ്ടെത്തി. ബുല്‍ധാന ജില്ലയിലെ സിന്ധ്ഖേഡ് രാജ പട്ടണത്തില്‍ പുരാവസ്തുവകുപ്പാണ് ഖനനം നടത്തുന്നത്. ശേഷനാഗശയ്യയില്‍ കിടക്കുന്ന മഹാവിഷ്ണുവിന്റെ കാല്‍ക്കല്‍ ലക്ഷ്മി ദേവി ഇരിക്കുന്നതായുള്ള ശില്പമാണ് കണ്ടെടുത്തത്. വിഗ്രഹം ഹൊയ്‌സാല രാജവംശ കാലത്തെ നിര്‍മിതികളെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് നാഗ്പൂരിലെ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് അരുണ്‍ മാലിക് പറഞ്ഞു. 2.25 മീറ്റര്‍ താഴ്ചയിലാണ് വിഗ്രഹം കണ്ടെത്തിയത്.
പ്രതിമയ്‌ക്ക് 1.70 മീറ്റര്‍ നീളവും ഒരു മീറ്റര്‍ ഉയരവുമുണ്ട്. ക്ലോറൈറ്റ് സിസ്റ്റ് റോക്ക് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ബസാള്‍ട്ട് പാറകള്‍ കൊണ്ട് നിര്‍മ്മിച്ച ഇത്തരം ശില്‍പങ്ങള്‍ മറാത്ത്‌വാഡയില്‍ നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
നേരത്തെ ഈ പ്രദേശത്തുനിന്ന് പതിനൊന്നാംനൂറ്റാണ്ടിലേതെന്ന് കരുതുന്ന ഒരു ശിവക്ഷേത്രത്തിന്റെ അടിത്തറയും കണ്ടെത്തിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ മറാഠാ ഭരണാധികാരിയായിരുന്ന ലഖുജി ജാദവ് റാവുവിന്റെ സിംഹാസനഛത്രം ഖനനത്തില്‍ കണ്ടെടുത്തതിനെത്തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ തേടി പുരാവസ്തുവകുപ്പ് അന്വേഷണം തുടങ്ങിയത്.











