മുംബൈ: സെന്‍സെക്സ് ആദ്യമായി 78,000 പോയിന്റ് തൊട്ട് ചൊവ്വാഴ്ച പുതിയ ഉയരങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇത് റെക്കോഡ് ഉയരമാണ്.
ജനവരി നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം വിപണിയെ ബോധപൂര്‍വ്വം ഇടിച്ച അന്താരാഷ്ട്ര ഗൂഢാലോചനയെ കാറ്റില്‍പറത്തി, സുസ്ഥിരമായ മൂന്നാം മോദി സര്‍ക്കാരിന് സ്വദേശ നിക്ഷേപകര്‍ മാത്രമല്ല, വിദേശ നിക്ഷേപകരും പിന്തുണ നല്കിയിരിക്കുന്നു. അതിന് ഉദാഹരണമാണ് പ്രതിരോധക്കമ്പനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലെ ഓഹരികളുടെ കുതിപ്പ്.
ചൊവ്വാഴ്ച ബാങ്കിംഗ് രംഗത്തെ ഓഹരികള്‍ കുതിച്ചതാണ് സെന്‍സെക്സിനെ ഉയര്‍ത്തിയത്. സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ മുകളിലേക്ക് കുതിച്ചിരുന്നു. ഈ കുതിപ്പില്‍ എസ് ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച് ഡിഎഫ് സി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കൊടക് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങി സ്വകാര്യ-പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിലകള്‍ കുതിച്ചുയര്‍ന്നിരുന്നു.
സെന്‍സെക്സ് 78,053 പോയിന്റിലേക്ക് കുതിച്ചു. 712 പോയിന്റുകളോളമാണ് കുതിച്ചത്. നിഫ്റ്റി 0.8 ശതമാനം ഉയര്‍ന്ന് 23,712 പോയിന്റായി ഉയര്‍ന്നു. ഈ വര്‍ഷം 34ാം തവണയാണ് ഈ ഉയരം നിഫ്റ്റി സ്പര്‍ശിക്കുന്നത്. അതേ സമയം, മെറ്റല്‍, ഊര്‍ജ്ജം, റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഓഹരികള്‍ ലാഭമെടുപ്പ് കാരണം വീണു. ഇനി ബജറ്റോടെ വീണ്ടും വിപണി ഉയരുമെന്നാണ് മോട്ടിലാല്‍ ഓസ് വാള് റീട്ടെയില്‍ മേധാവി സിദ്ധാര്‍ത്ഥ് ഖേംക അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: