ചേര്‍ത്തല : മുംബൈ അന്ധേരിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ച് ചേര്‍ത്തലയിലെ വ്യാപാരിയില്‍ നിന്നും 61.40 ലക്ഷം രൂപ തട്ടിയ കേസില്‍ പിടിയിലായ പ്രതികളുമായുള്ള തെളിവെടുപ്പു തുടങ്ങി. റിമാന്‍ഡിലായിരുന്ന നാലു പ്രതികളെയും നാലു ദേവസത്തേക്കാണ് ചേര്‍ത്തല ജുഡീഷ്യ മജിസ്ട്രേറ്റ് കോടതി ഒന്ന് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.
ചൊവ്വാഴ്ച തന്നെ പ്രധാനികളിലൊരാളായ എബിന്.പി.ജോസിന്റെ പെരുമ്പാവൂര്‍ ഐക്കരാട്ടെ വീട്ടിലും ബാങ്കിലും ഇവരെ എത്തിച്ചു തെളിവെടുത്തു. ബുധനാഴ്ച ഇവരെ കോഴിക്കോട്ടെത്തിച്ചു തെളിവെടുക്കുന്നുണ്ട്.പ്രധാനമായും ആദില്‍ മിഥിലാജിന്റെ ഇടപാടുകളും വീട്ടിലും വിശദമായ പരിശോധനകള്‍ ആവശ്യമാണെന്നാണ് പോലീസിന്റെ നിലപാട്. ഇതിനിടയില്‍ തന്നെ ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് മുഖ്യ സൂത്രധാരരിലേക്കെത്താനാണ് പോലീസിന്റെ ശ്രമം.
ഇവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യ പ്രതികളെ തേടി പോലീസ് സംസ്ഥാനത്തിനു പുറത്തേക്ക പോകുമെന്നാണ് വിവരം.ഇതിനുളള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാനത്തുനിന്നുള്ള പിന്തുണയില്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പു നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കോഴിക്കോട് താമരശ്ശേരി സ്വദേശി ആദില്‍ മിഥിലാജ് (25), വയനാട് മാനന്തവാടി കൊല്ലൂര്‍ സ്വദേശി നിബിന് നിയാസ് (22), വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് റിസ്വാന് (21), എറണാകുളം ഐക്കരനാട് സ്വദേശി എബിന് പി.ജോസ് (28) എന്നിവരെയാണ് സംഭവവുമായി ബന്ധപെട്ട് പോലീസ് അറസ്റ്റ്ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: