ബെംഗളൂരു: ഓണനാളുകള്‍ക്ക് ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. അന്യസംസ്ഥാനത്തുള്ള കേരളീയരുടെ അവസ്ഥ ആകെ ആകാംക്ഷയിലാണ്. ഇപ്പോഴെ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിന്‍ റിസര്‍വേഷന്‍ ഫുള്‍ ആയിക്കഴിഞ്ഞു.
ഇത്തവണ സെപ്റ്റംബര്‍ 15നാണ് തിരുവോണമെത്തുന്നത്. ഇതിന് മുമ്പ് കേരളത്തിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നാണ് യാത്രികരുടെ അഭിപ്രായം. പതിനഞ്ചാം തീയതി ഓണമെന്നിരിക്കെ സാധാരണയായി 12, 13 തീയതികളിലായിരിക്കും തീവണ്ടികളിലും ബസുകളിലും തിരക്ക് അനുഭവപ്പെടുക.
മുന്‍ വര്‍ഷങ്ങളിലെ പോലെ ഓണാവധിക്ക് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന രീതി മാറ്റി നേരത്തെ തന്നെ നടപടി കൈക്കൊള്ളണമെന്നാണ് മലയാളി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വൈകിയുള്ള സെപ്ഷ്യല്‍ ട്രെയിന്‍ യാത്രകാര്‍ക്ക് പൊതുവെ സഹായകമായി അനുഭവപ്പെടാറില്ല.
ട്രെയിന്‍ ടിക്കറ്റുകള്‍ തീര്‍ന്ന നിലയ്ക്ക് ഇനി കേരള, കര്‍ണാടക ആര്‍ടിസി ബസുകളാണ് ആശ്രയം. ബസുകളിലെ ബുക്കിംഗ് നേരത്തെ തുടങ്ങണമെന്നും ബസുകള്‍ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാം വണ്ണം ലഭ്യമാക്കണമെന്നുമാണ് ആവശ്യം.
നിലവില്‍ ബെംഗളൂരു-എറണാകുളം സ്വകാര്യബസുകള്‍ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ഒരു ബസ് മാത്രമെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുള്ളു. വരും ദിവസങ്ങളില്‍ മറ്റു സ്ഥലങ്ങളിലേക്കുള്ള ബുക്കിഗ്് ആരംഭിക്കും.
ഓണാവധി തുടങ്ങിക്കഴിഞ്ഞാല്‍ വന്‍ വര്‍ധനവായിരിക്കും സ്വകാര്യ ബസുകളില്‍ ഉണ്ടാവുക. ബസുകളുടെ അപര്യാപതതയാണ് ഇതിന് പ്രധാന കാരണം. നിലവില്‍ ഓണത്തലേന്നായ സെപ്റ്റംബര്‍ 13ന് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക്.
കേരള ആര്‍ടിസിയും കര്‍ണാടക ആര്‍ടിസിയും നേരത്തെ തന്നെ ബുക്കിങ് തുടങ്ങുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: