തൃശൂര്‍: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ബീന്‍സ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നും മുന്നോട്ട്. 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില 80ലെത്തി. വരും ദിവസങ്ങളിലും വിലവര്‍ദ്ധനവ് തുടരുമെന്നാണ് വിപണി നല്കുന്ന സൂചന. മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെ പച്ചക്കറിക്കും കുത്തനെ വില ഉയര്‍ന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിച്ചിട്ടുണ്ട്.
പച്ചക്കറികള്‍ക്ക് രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇപ്പോഴത്തെ വില. രണ്ട് ആഴ്ച കൂടി വിലക്കയറ്റം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ഹോര്‍ട്ടിക്കോര്‍പ്പും സര്‍ക്കാരും. ഉള്ളിയും ബീന്‍സ് അടക്കം പച്ചക്കറികള്‍ക്ക് 10 മുതല്‍ 25 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. വലിയ ഉള്ളി കിലോയ്ക്ക് 50, ചെറിയ ഉള്ളി കിലോയ്ക്ക് 80, രണ്ടാഴ്ച മുമ്പ് പടവലം 15 രൂപയായിരുന്നു വില, ഇപ്പോഴത് 25 രൂപയായി ഉയര്‍ന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതന 40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്.
25 രൂപ വിലയുണ്ടായിരുന്ന വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവ് ഗണ്യമായി കുറഞ്ഞു. കാലവര്‍ഷം എത്തിയതോടെ പ്രാദേശകമായ ഉത്പാദനം കുറഞ്ഞതും തിരിച്ചടിയായി.
പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കുതിക്കുകയാണ്. തുവരപരിപ്പ് കിലോയ്ക്ക് 170 -190 രൂപ വരെ വിലയുണ്ട്, ചെറുപയര്‍ 150, വന്‍പയര്‍ 110, ഉഴുന്ന് പരിപ്പ് 150, ഗ്രീന്‍പീസ് 110, കടല 125 എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം. ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിനും പൊള്ളുന്ന വിലയാണ്.
മത്തിക്ക് പ്രാദേശിക വിപണിയില്‍ വില 400 പിന്നിട്ടു. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരും. മീന്‍ക്ഷാമം കാരണം വിപണിയിലേക്ക് വരവ് കുറഞ്ഞതിനാല്‍ ഉണക്കമീന്‍ വിലയും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: