ന്യൂദൽഹി: സ്വന്തം സർക്കാർ തന്നെ ടാങ്കർ ലോറി മാഫിയയെ സഹായിക്കാനായി കൃത്യമായി ഉണ്ടാക്കിയ ദഹിയിലെ ജല പ്രതിസന്ധിയുടെ പേരിൽ അനാവശ്യ നിരാഹാര സമരം നടത്തുന്ന അതിഷിയെ ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൽഹിയിലെ ജലമന്ത്രി അതിഷിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആം ആദ്മി പാർട്ടി തന്നെയാണ് അറിയിച്ചത്.
മന്ത്രിയെ ലോക് നായക് ഹോസ്പിറ്റലിലെ എമർജൻസി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ‘എക്‌സ്’ പോസ്റ്റിൽ പാർട്ടി പറയുന്നു. “ജലമന്ത്രി അതിഷിയുടെ ആരോഗ്യനില വഷളായി. അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അർദ്ധരാത്രി 43 ആയും വെളുപ്പിന് 36 ആയും കുറഞ്ഞു, അതിനുശേഷം LNJP ഹോസ്പിറ്റൽ ഡോക്ടർമാർ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചു,” – പാർട്ടി പറഞ്ഞു.
“കഴിഞ്ഞ അഞ്ച് ദിവസമായി അവർ ഒന്നും കഴിക്കുന്നില്ല, ദൽഹിയുടെ വിഹിതം ജലം അനുവദിക്കണമെന്ന് ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. അവർ എൽഎൻജെപിയിലെ എമർജൻസി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ”- പോസ്റ്റിൽ പറയുന്നു.
എന്നാൽ അതിഷിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർ ഐസിയുവിലാണെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ സുരേഷ് കുമാർ അറിയിച്ചു. ജൂൺ 21നാണ് അതിഷി നിരാഹാര സമരം ആരംഭിച്ചത്.
അതേ സമയം അടിസ്ഥാനതലത്തില്‍ പ്രശ്നപരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം കെജ്രിവാള്‍ സര്‍ക്കാര്‍ നാടകീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി എംപി ബാംസുരി സ്വരാജ് തിരിച്ചടിച്ചു.
“ദല്‍ഹിയിലെ കുടിവെള്ളപ്രതിസന്ധി സ്വാഭാവികമായി ഉണ്ടായ ഒരു പ്രതിസന്ധിയല്ല. അനധികൃത ടാങ്കര്‍ ലോറി മാഫിയയെ സഹായിക്കാനും അഴിമതി നടത്താനും കെജ്രിവാള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചതാണ് ഈ കുടിവെള്ളപ്രതിസന്ധി”. – ബാംസുരി സ്വരാജ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: