ട്വന്റി20 വേള്‍ഡ് കപ്പ് സൂപ്പര്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 24 റണ്‍സിന്റെ മിന്നും ജയം. സൂപ്പര്‍ എട്ടിലെ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമിയിലേക്ക് മുന്നേറി.
ഓസ്ട്രേലിയന്‍ ബൗളര്‍മാരെ വിറപ്പിച്ച് രോഹിത് ശര്‍മ്മ സംഹാരതാണ്ഡവമാടിയ ഇന്നിങ്സില്‍ 41 പന്തില്‍ എട്ട് സിക്സറും ഏഴ് ഫോറുമുള്‍പ്പെടെ 92 റണ്‍സ് നേടിയാണ് മടങ്ങിയത്. രോഹിത്തിന്റെ ഇന്നിങ്സ് മികവില്‍ 20 ഓവറില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന സ്കോറാണിത്. ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരേ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
റിഷഭ് പന്ത് (15), സൂര്യകുമാര്‍ യാദവ് (31), ശിവം ദുബെ (28), ഹാര്‍ദിക് പാണ്ഡ്യ (27) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (6) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ട്രാവിസ് ഹെഡ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് സഖ്യം 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് മത്സരത്തില്‍ പിടിമുറുക്കി. കുല്‍ദീപ് യാദവിന്റെ പന്തില്‍ മാര്‍ഷിനെ കിടിലന്‍ ക്യാച്ചിലൂടെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 28 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 37 റണ്‍സായിരുന്നു മാര്‍ഷിന്റെ സമ്പാദ്യം. തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്സ്വെല് 12 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ മാര്‍ക്കസ് സ്റ്റോയ്നിസിനെയും (2) മടക്കി അക്ഷര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി. മാത്യു വെയ്ഡിനും (1) മുന്നേറ്റം സാധ്യമായില്ല. വെയ്ഡിനു പിന്നാലെ അപകടകാരിയായ ടിം ഡേവിഡിനെയും (15) മടക്കിയ അര്‍ഷ്ദീപ് വിജയം ഇന്ത്യയുടെ കൈപിടിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: