കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ തന്റെ തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകളെന്ന് തോമസ് ചാഴിക്കാടൻ. പാലായിലെ നവകേരള സദസിലെ ശകാരം ഉൾപ്പെടെ തിരിച്ചടിയായെന്ന് തോമസ് ചാഴിക്കാടൻ കുറ്റപ്പെടുത്തി. കേരള കോൺഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റിയിലാണ് വിമർശനം.
സിപിഎം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കാതെ പോയതിൽ അന്വേഷിക്കണമെന്ന് തോമസ് ചാഴിക്കാടൻ ആവശ്യപ്പെട്ടു. എൽഡിഎഫിന്റെ തോൽവിയിൽ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി അടക്കം നിലപാട് എടുത്തപ്പോഴാണ് ചാഴികാടൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
കോട്ടയത്തെ തോൽവിക്ക് ആക്കം കൂട്ടിയത് മുഖ്യമന്ത്രിയുടെ നിലപാടുകൾ കൂടിയാണ്. കിട്ടേണ്ട പല സിപിഎം വോട്ടുകളും ലഭിച്ചിട്ടില്ല. അതെങ്ങനെ മാറിപ്പോയി എന്നതും വിശദമായി അന്വേഷിക്കണം. കനത്ത തോൽവി നേരിട്ട സ്ഥിതിക്ക് ഇനി താൻ എന്തിന് ഇതൊക്കെ മറച്ചു വയ്‌ക്കണം എന്നാണ് ചാഴികാടൻ യോഗത്തിൽ ചോദിച്ചത്. അതേസമയം പാർട്ടി ചെയർമാൻ ജോസ് കെ മാണി അടക്കം മറ്റു മുതിർന്ന നേതാക്കൾ സിപിഎമ്മിനെ വിമർശിക്കാൻ തയ്യാറായില്ല.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിപിഎം അവരുടെ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയ സാഹചര്യത്തിൽ കൂടിയായിരുന്നു പാർട്ടി ചെയർമാന്റെയടക്കം ഈ മലക്കം മറിച്ചിൽ. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കന്ന തോൽവിയിൽ സിപിഐയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരള കോൺഗ്രസ് എമ്മിലും വിമർശനം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: