ന്യൂദല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിസഭാംഗങ്ങളും പകുതിയോളം എംപിമാരും ഇന്ന് പ്രൊടെം സ്പീക്കര്‍ക്ക് മുന്നില്‍ ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. 26ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 27ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. രാജ്യസഭ 27ന് ആരംഭിക്കും.
രാഷ്ട്രപതിഭവനില്‍ ഇന്ന് രാവിലെ പത്തുമണിക്ക് ലോക്സഭയിലെ മുതിര്‍ന്ന അംഗം ഭര്‍തൃഹരി മഹ്തബ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുമ്പാകെ പ്രൊടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് പതിനൊന്നോടെ പാര്‍ലമെന്റിലെത്തുന്ന പ്രൊടെം സ്പീക്കര്‍ എംപിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ ആദ്യം ആസാമില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുന്നത്.
280 പേരുടെ സത്യപ്രതിജ്ഞയാണ് തിങ്കളാഴ്ച ക്രമീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള 263 പേരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച പൂര്‍ത്തിയാക്കും. ബുധനാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആരെന്നതു സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. 17-ാം ലോക്സഭയുടെ സ്പീക്കറായിരുന്ന ഓം ബിര്‍ള തന്നെ തുടര്‍ന്നേക്കാമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കണമെന്ന ആവശ്യമുണ്ട്. ഇതുണ്ടായില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നുണ്ട്.
കൊടിക്കുന്നില്‍ സുരേഷിനെ പ്രൊടെം സ്പീക്കറാക്കി നിയമിക്കാത്തതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രൊടെം സ്പീക്കറെ സഹായിക്കാനായി നിയോഗിച്ച അഞ്ചംഗ എംപിമാരുടെ പാനലില്‍ നിന്ന് സുരേഷ് അടക്കമുള്ള മൂന്ന് ഇന്‍ഡി മുന്നണി എംപിമാര്‍ ഒഴിവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: