ചെങ്ങന്നൂര്‍: മത്സരത്തിന്റെയും സംഘര്‍ഷത്തിന്റെയും ഇന്നത്തെ ലോകക്രമത്തില്‍ മാനവരാശിയെ ശ്രേഷ്ഠമാക്കി, എല്ലാവരുടെയും ഹിതം എന്ന ഭാരതീയ ഋഷി ദര്‍ശനത്തിലൂടെ മാത്രമേ സുസ്ഥിരവികസനം സാധ്യമാകൂ എന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്.
ഭാരതീയ വിചാരകേന്ദ്രം ദക്ഷിണമേഖല കാര്യകര്‍ത്തായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ തലത്തില്‍ മാത്രം നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സ്ഥായിയായ വികസനം സാധ്യമല്ല. ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അര്‍ത്ഥ കാമങ്ങളുടെ അടിസ്ഥാനത്തിലാണെന്നതാണ് അതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് ബദല്‍ ദര്‍ശനമാണ് ഭാരതത്തിന്റേത്. ഏകാത്മ മാനവ ദര്‍ശനത്തിലൂടെ മോക്ഷ സങ്കല്പത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യ വികാസമാണ് ഭാരതം ലക്ഷ്യമിടുന്നത്. ഭാരതം ഒരു കാലത്ത് അറിവിന്റെയും സമ്പത്തിന്റെയും സ്വഭാവ ശുദ്ധിയുടെയും കേന്ദ്രമായി നിലനിന്നിരുന്നു. 1757ലെ പ്ലാസിയുദ്ധം വരെ ഭാരതം വൈഭവശാലിയായി നിലനിന്നു. പത്തൊമ്പതാം നൂറ്റാണ്ട് എത്തിയപ്പോഴേക്കും ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളുടെ പട്ടികയിലായി. ഭാരതത്തെ വീണ്ടും വൈഭവ പൂര്ണമാക്കാന് സംഘടനാ പ്രവര്‍ത്തനത്തിലൂടെ സാധിക്കണം. ഭാരതീയ വിചാരകേന്ദ്രം രാഷ്ട്രത്തോടുള്ള അവബോധം, അഭിമാനം, ഭക്തി എന്നീ മാര്‍ഗങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഓരോ വര്‍ഷവും വ്യത്യസ്ത കാര്യങ്ങളാല്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഭാരതം മാറുകയാണെന്ന് അധ്യക്ഷത വഹിച്ച വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി പറഞ്ഞു. ജിഡിപി എട്ട് ശതമാനം ആയി എന്നത് മാത്രമല്ല അതിന് കാരണം. ഭരണം, വികസനം, പ്രവര്‍ത്തന മികവ് എന്നിവ കൊണ്ടും ഭാരതം ഇന്ന് ലോകശ്രദ്ധ നേടുകയാണ്. രാജ്യത്തിന്റെ പൈതൃകത്തിനും സംസ്കാരത്തിനും വികസനത്തിനും ഒപ്പം കേരളത്തെ ഉയര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു സ്വാഗതവും ട്രഷറര്‍ ആര്. രാജീവ് നന്ദിയും പറഞ്ഞു. സംസ്ഥാന സംഘടനാ സെക്രട്ടറി മഹേഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: