ദുബായ് : രാജ്യത്ത് നിയമ ലംഘനത്തിന് പ്രേരണ നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികളെക്കുറിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. രാജ്യത്ത് ഇത്തരത്തിലുള്ള പ്രവണതകൾ നിയന്ത്രണ വിധേയമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഈ അറിയിപ്പ് പ്രകാരം കിംവദന്തികളും, സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ‘2021/ 34’ ഫെഡറൽ ഉത്തരവ് നിയമത്തിലെ ആർട്ടിക്കിൾ 27 അനുസരിച്ച് കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളോ, വിവരസാങ്കേതികവിദ്യയുടെ ഉപാധികളോ ഉപയോഗിച്ച് കൊണ്ട് യു എ ഇയിൽ നിയമ ലംഘനത്തിന് പ്രേരണ നൽകുന്നവർക്ക് തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. ഇതിന് പുറമെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 100000 ദിർഹം മുതൽ 500000 ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.
സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ നിയമ സംസ്കാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമ നിർമ്മാണങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
നേരത്തെ സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവരുമായി പരസ്യ പ്രചാരണ പരിപാടികൾക്കായുള്ള കരാറിലേർപ്പെടുമ്പോൾ ലൈസൻസുള്ള സാമ്പത്തിക സ്ഥാപനങ്ങൾ നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് (ADDED) ചൂണ്ടിക്കാട്ടിയിരുന്നു.
ലൈസൻസ് ഇല്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി സഹകരിച്ച് കൊണ്ട് വാണിജ്യ സ്ഥാപനങ്ങൾ നൽകുന്ന പരസ്യങ്ങൾക്ക് 2024 ജൂലൈ 1 മുതൽ അബുദാബി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ADDED നേരത്തെ വ്യക്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: