കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്ന് ഒരു മാസത്തിനിടെ പിടികൂടിയത് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച നാല് കോടിയുടെ വിവിധയിനം അരി. 13 കണ്ടെയ്നറുകളാണ് ഇക്കാലയളവില്‍ കസ്റ്റംസ് ഇവിടെ പിടികൂടിയത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കയറ്റുമതി നിയന്ത്രണം ലംഘിച്ച് നികുതി അടയ്ക്കാതെ കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇവ പിടികൂടിയത്.
കഴിഞ്ഞദിവസം മാത്രം 3 കണ്ടെയ്നര്‍ ബിരിയാണി അരിയാണ് പിടികൂടിയത്. ഇതിന് മാത്രം ഒരു കോടിയോളം രൂപ വില വരും. കയറ്റുമതി രേഖകളില്‍ ഉപ്പെന്ന് രേഖപ്പെടുത്തിയാണ് അരി എത്തിച്ചത്. മുന്നിലെ ചാക്കുകളില്‍ ഉപ്പാണെങ്കിലും ഇതിന് അകത്തുള്ള ചാക്കുകളിലായിരുന്നു അരി സൂക്ഷിച്ചിരുന്നത്. ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിനായി തമിഴ്നാട്ടിലെ വ്യാപാരിയുടെ പേരില്‍ എത്തിച്ച കിലോഗ്രാമിന് 160 രൂപ വിലയുള്ള ബസ്മതി ബിരിയാണി അരിയാണ് പിടികൂടിയത്. കണ്ടെയ്നറുകളില്‍ അരിയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വല്ലാര്‍പാടം ട്രാന്‍സ്ഷിപ്മെന്റിലെ കസ്റ്റംസ് സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു.
ഭാരതത്തില്‍ ഉത്പാദിപ്പിക്കുന്ന അരി വിദേശങ്ങളില്‍ എത്തിയാല്‍ നാലിരട്ടി വരെ വില ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇത് മുതലെടുത്താണ് വ്യാപകമായി വിവിധതരം അരി കടത്തുന്നത്. നിലവില്‍ നിയന്ത്രിത അളവില്‍ മട്ട അരി മാത്രമാണ് നികുതി ഒടുക്കി കയറ്റുമതി ചെയ്യുന്നതിന് ഡിജിഎഫ്ടി അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് അരി കിട്ടാത്ത സാഹചര്യം ഉണ്ടാവുകയും ഇത് വലിയ വിലക്കയറ്റത്തിന് കാരണമാകുമെന്നുമുള്ളതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ വിവിധ സമയങ്ങളില്‍ 10 കണ്ടെയ്നറുകളില്‍ കടത്താന്‍ ശ്രമിച്ച അരി പിടികൂടിയിരുന്നു. ഇവയ്ക്ക് മൂന്ന് കോടിയോളം വില വരും. ചെന്നൈയില്‍ നിന്നും കോഴിക്കോട് നിന്നുമുള്ള വ്യാപാരികളാണ് പലഘട്ടങ്ങളിലായി അരി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത്. രാജ്യത്തിന് പുറത്തേക്ക് കണ്ടെയ്നര്‍ എത്തിയാല്‍ ഒരു കോടിയുടെ അരിക്ക് 4 കോടി വരെ വില ലഭിക്കും.
അരി പിടികൂടിയ സംഭവത്തില്‍ വ്യാപാരികളുടെ വിവരങ്ങള്‍ ഉടന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറും. അരി വില വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാക്കുന്ന ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: