ന്യൂദല്‍ഹി: മണിപ്പൂരില്‍ ഇരുഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ഇടതു-വലതു മുന്നണികള്‍ കേരളത്തില്‍ നടത്തിയ തെറ്റായ പ്രചാരണം ബിജെപിക്ക് അനുകൂലമായെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്.
മണിപ്പൂരിലുണ്ടായ സംഭവങ്ങളെ ഇടതു- വലതുമുന്നണികള്‍ തെറ്റായാണ് അവതരിപ്പിച്ചതും പ്രചരിപ്പിച്ചതും. തീവ്രമായ പ്രചരണമാണ് അതേക്കുറിച്ച് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെയുഡബ്ല്യുജെ ദല്‍ഹി ഘടകം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം മണിപ്പൂരില്‍ എന്താണ് സംഭവിച്ചതെന്ന് പഠിക്കുകയും അത് ഗോത്രവിഷയമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. അതോടെ ക്രിസ്ത്യന്‍ സമൂഹത്തിനിടയിലേക്ക് കൂടുതലായി ബിജെപി കടന്നുവന്നു. കുറച്ചുപേര്‍ ബിജെപിയില്‍ ഉണ്ടെങ്കിലും ക്രിസ്ത്യന്‍ സമൂഹം അതുവരെ പാര്‍ട്ടിയെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ബിജെപിയെക്കുറിച്ച് പഠിക്കുന്നതിനും ഈ തെറ്റായ പ്രചരണം അവസരമൊരുക്കി.
ചില ബിഷപ്പുമാര്‍ ഉള്‍പ്പെടെ പലരും വിമര്‍ശിച്ചപ്പോഴും അവര്‍ അതേക്കുറിച്ച് പഠിക്കട്ടെയെന്നാണ് ബിജെപി പറഞ്ഞത്. പാര്‍ട്ടി അവരെ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. അവര്‍ മനസിലാക്കട്ടെയെന്നാണ് പറഞ്ഞത്. നരേന്ദ്ര മോദിയുടെ വികസനനയം, വികസിത ഭാരതത്തെക്കുറിച്ചുള്ള ചിന്ത, യുവാക്കളുടെ വോട്ട് ഇതെല്ലാം ഇത്തവണ സംസ്ഥാനത്ത് ബിജെപിക്ക് വോട്ട് കൂടുന്നതിന് കാരണമായെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് ലഭിച്ചാല്‍ കേരളത്തില്‍ ബിജെപിക്ക് നാലോ അഞ്ചോ സീറ്റുകളില്‍ വിജയിക്കാം. ആ ഘട്ടത്തില്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയം അനുസരിച്ച് ചിലരുമായി ബിജെപിക്ക് സഹകരിക്കാന്‍ സാധിക്കും. പെട്ടെന്നല്ല അടുത്ത പടിയായാണ് അതുസംഭവിക്കുക.
കേരളത്തിന്റെ വികസനകാര്യത്തില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും വളരെയധികം താല്പര്യമുണ്ട്. വികസനം നടപ്പാക്കിയശേഷം അതിന്റെ ക്രെഡിറ്റിനുവേണ്ടി മത്സരിക്കാം എന്നതാണ് നിലപാട്, അതാകും നല്ലത്. ഒ. രാജഗോപാലും വി. മുരളീധരനും കേന്ദ്രമന്ത്രിമാരായിരുന്നപ്പോള്‍ അതു കാണിച്ച് തന്നതാണ്. വികസനം നടപ്പാക്കുന്നതിനുമുമ്പ് ക്രെഡിറ്റിനുവേണ്ടി മത്സരിക്കുമ്പോഴാണ് തടസമുണ്ടാകുന്നത്.
കേരളത്തിന്റെ വികസനകാര്യത്തില്‍ തുറന്ന മനസ്സാണ്. സാമ്പത്തിക കാര്യത്തില്‍ ഫിനാന്‍സ് കമ്മിഷന്റെ ശിപാര്ശകള്ക്കനുസരിച്ചാണ് കേന്ദ്രം നടപടി സ്വീകരിക്കുന്നത്. അത് മറികടക്കാന്‍ കേന്ദ്രത്തിനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസൂണ്‍ കണ്ടത്ത് അധ്യക്ഷനായി. ജോസി ജോസഫ് ബി.ആര്.പി. ഭാസ്ക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ധനുസുമോദ്, സനോജ് ബേപ്പൂര്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: