ചങ്ങനാശ്ശേരി: ജാതി സെന്‍സസ് വിവേചനം വര്‍ധിക്കാനും വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ദ്ധക്കും അഴിമതിക്കും കാരണമാകുമെന്ന് എന്‍എസ്എസ്.
സ്വാതന്ത്ര്യം ലഭിച്ച് പത്തു വര്‍ഷത്തേക്ക് തുടങ്ങിവെച്ച സംവരണം വര്‍ഷം 76 പിന്നിട്ടിട്ടും തുടരുന്നതിനു പിന്നില്‍ അശാസ്ത്രീയത വെളിപ്പെടുത്തുന്നതാണെന്ന് ഇന്നലെ പെരുന്നയില്‍ നടന്ന ബജറ്റ് സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. ജാതി സെന്‍സസ് സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് ഇടയാക്കും.
മതേതരത്വം എന്നത് ഏതെങ്കിലും ഒരു മതത്തെയൊ, ജാതിയെയൊ, വര്‍ഗത്തെയൊ വിഭാഗത്തെയൊ വളര്‍ത്തുവാനോ തളര്‍ത്തുവാനോ ഉള്ളതല്ല. രാഷ്ട്രീയം മാത്രം കണക്കിലെടുത്ത് പരസ്പരം കലഹിപ്പിച്ച് ജാതിയുടെ പേരില്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്തുകയും ഐക്യത്തിനും അഖണ്ഡതക്കും വിഘാതമായി നില്‍ക്കുകയും ചെയ്യുന്ന ജാതി സംവരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 110-മത് ബജറ്റ് സമ്മേളനമാണ് ഇന്നലെ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടന്നത്. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്ക് 157.55 കോടി വരവും അത്ര തന്നെ ചെലവും വരുന്ന ബജറ്റ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അവതരിപ്പിച്ചു.
പുതിയ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ നിര്‍മിക്കുക, സ്കൂളുകളിലെയും കോളജുകളിലെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, മറ്റു കെട്ടിടങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടത്തുക, വസ്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുക, എന്നിവയ്ക്കാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ജനറല്‍ ഭരണം – 33.12 കോടി, സംഘടനാശാഖ- 2.30 കോടി, സ്കൂള്‍ വിഭാഗം – 11.34 കോടി,കോളജ് വിഭാഗം – 41.53 കോടി, കൃഷി – 9.83 കോടി, ആരോഗ്യവിഭാഗം – 45.51 കോടി, പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ്- 45.51 കോടി, സോഷ്യല്‍ സര്‍വ്വീസ്- 47 ലക്ഷം, മാരാമത്ത് വിഭാഗം – എട്ടുലക്ഷം, ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് 6 ലക്ഷം, ആശ്രമവും ദേവസ്വങ്ങളും 1.2 കോടി എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
ഡോ.എം. ശശികുമാര്‍ വീണ്ടും പ്രസിഡന്റ്
ചങ്ങനാശ്ശേരി: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രസിഡന്റായി ഡോ. എം. ശശികുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. നായകസഭയിലേക്കുള്ള കാലാവധിയും അധ്യക്ഷസ്ഥാനത്തേക്കുള്ള കാലാവധിയും പൂര്‍ത്തിയായതിനാലാണ് തെരഞ്ഞെടുപ്പ് നടന്നത്.
നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നായകസഭയിലേക്ക് 9 പേരെ കൂടി തെരഞ്ഞെടുത്തു. ഒഴിവ് വന്ന 9 സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. വരണാധികാരി അനില്‍ ഡി. കര്‍ത്തയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആലുവ യൂണിയന് പ്രസിഡന്റ് എ. എന്‍. വിപിനേന്ദ്രകുമാറിനെ എക്സ്പെര്‍ട്ട് അഡീഷണല്‍ മെമ്പര്‍ ആയി നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: