കാസര്‍കോട് : പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെ നാല് പേരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവരെയാണ് പുറത്താക്കിയത്
നാല് നേതാക്കളെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതിയംഗം എന്‍.സുബ്രഹ്മണ്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസ് എന്നിവരാണ് അന്വേഷണ സമിതിയിലുണ്ടായിരുന്നുത്. വിവാഹ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് ഗുരുതര തെറ്റാണെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്നുമായിരുന്നു അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്.
അതേസമയം കെപിസിസി നടപടിയെ തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനെ വിമര്‍ശിച്ച് ബാലകൃഷ്ണന്‍ പെരിയ. നാല് പേരെ സസ്പെന്‍ഡ് ചെയ്തത് രാജ്മോഹന്‍ ഉണ്ണിത്താന്റെ ശ്രമത്തിന്റെ ആദ്യ ഘട്ടമാണെന്ന് ബാലകൃഷ്ണന്‍ പെരിയ ആരോപിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുത്തതില്‍ രാഷ്‌ട്രീയം കലര്‍ത്തേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷികളുടെ കേസ് നടത്താന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ചില്ലിക്കാശ് നല്‍കിയിട്ടില്ലെന്നും ബാലകൃഷ്ണന്‍ പെരിയ വിമര്‍ശിച്ചു.
അധികാരം കിട്ടിയാല്‍ അര്‍ധരാത്രി കുട പിടിക്കുന്ന ആളാണ് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ബാലകൃഷ്ണന്‍ പെരിയ വിമര്‍ശിച്ചു. മതപരമായ സംഘര്‍ഷത്തില്‍ നിന്ന് മുതലെടുക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ത്തി. ഡിസിസി ഓഫീസിനെ ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രമാക്കി മാറ്റിയെന്നും മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കിയ ആളാണ് രാജ്മോഹന്‍ ഉണ്ണിത്താനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: