ന്യൂദല്‍ഹി: ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ കൊടുംചൂടില്‍ ജീവന് നഷ്ടമായത് 98 ഭാരത പൗരന്മാര്‍ക്കാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. ഇതില്‍ പന്ത്രണ്ട് പേര് മലയാളികളാണ്. ഈ വര്‍ഷം രാജ്യത്തുനിന്ന് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ പോയത് 1,75,000 പേരാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ ഹജ്ജിനിടെ മരിച്ചവരുടെ എണ്ണം ആയിരം കടന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. കൊടുംചൂടും ചൂടുകാറ്റും മൂലമാണ് ഇത്രയധികം തീര്‍ത്ഥാടകര്‍ മരിച്ചത്. എന്നാല്‍ മരിച്ചവരുടെ എണ്ണം സൗദി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഹജ്ജ് കര്‍മ്മത്തിനിടെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സ്വന്തം നാട്ടിലേക്ക് മടക്കി വിടാതിരിക്കുന്നതാണ് സൗദിയുടെ പതിവ്. അവരുടെ മൃതദേഹങ്ങള്‍ സൗദി അധികൃതര്‍ തന്നെയാണ് സംസ്ക്കരിക്കുന്നത്.
ഉറ്റവര്‍ മരിച്ചോ എന്നറിയാനായി മക്കയ്ക്ക് സമീപമുള്ള എമര്‍ജന്‍സി കോംപ്ലക്സില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കാത്തുനില്‍ക്കുന്നത്. അതിനിടെ ഹജ്ജ് തീര്‍ത്ഥാടകര്‍ മരിച്ചതില്‍ ഈജിപ്ത് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്ത എല്‍ സിസി പ്രധാനമന്ത്രി മുസ്തഫ മദ്ബൗളിക്ക് നിര്‍ദേശം നല്കി.
കടുത്ത ചൂടിനെ തുടര്‍ന്ന് മരിച്ച ഹജ്ജ് തീര്‍ത്ഥാടകരില്‍ പകുതിയിലേറെപ്പേരും ഈജിപ്തില്‍ നിന്നുള്ളവരാണ്. ഭൂരിഭാഗവും ഹജ്ജ് ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തിയവരാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈജിപ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. മൃതദേഹങ്ങള്‍ സ്വീകരിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കുന്നതിനും സൗദി അധികൃതരുമായി ഉടന്‍ ബന്ധപ്പെടണമെന്ന് ഈജിപ്ത് പ്രസിഡന്റ് അറിയിച്ചു.
ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഈജിപ്ത് ഉദ്യോഗസ്ഥര്‍ സൗദിയിലെ ആശുപത്രികള്‍ സന്ദര്ശിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പലരും രജിസ്റ്റര്‍ ചെയ്യാത്തവരായതിനാല്‍ കണ്ടെത്തുക പ്രയാസമാണെന്നും അധികൃതര്‍ അറിയിച്ചു. ആയിരത്തിലധികം ഹജ്ജ്തീര്ത്ഥാടകരാണ് കടുത്ത ചൂടിനെ തുടര്‍ന്ന് മരിച്ചത്. ഇതില്‍ 658 പേര് ഈജിപ്തില്‍ നിന്നുള്ളവരാണ്. ഇതില്‍ തന്നെ 630 പേര് ഹജ്ജ് ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: