ഒട്ടാവ: ഇറാന്റെ ഔദ്യോഗിക സേന വിഭാഗമായ ഇറാന് റെവല്യൂഷണറി ഗാര്‍ഡ്സിനെ (ഐആര്‍ജിസി) കാനഡ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഇറാനിലുള്ള കനേഡിയന്‍ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യത്തേക്ക് മടങ്ങാനും നിര്‍ദേശിച്ചു. ഐആര്‍ജിസി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും രാജ്യത്തെ ക്രിമിനല്നിയമപ്രകാരമാണ് നടപടിയെന്നും പൊതുസുരക്ഷാമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. സേന ഇറാനകത്തും പുറത്തും നിരന്തരം മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുന്നെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാനഡയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇറാന് സേനയുമായി ബന്ധമുള്ള ഒരാള്‍ക്കും കാനഡയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ഇവരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള സ്വന്തുക്കള്‍ കാനഡയിലുണ്ടെങ്കില് അത് സര്‍ക്കാരിന് പിടിച്ചെടുക്കാം.
നേരത്തെ ഇറാന്റെ തന്നെ ഖുദ്സ് ഫോഴ്സിനെ ഒരു തീവ്രവാദ സംഘടനയായി കാനഡ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 2022 ല്‍ ഗാര്‍ഡ്സിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 10,000 ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരമായി പ്രവേശനം നിഷേധിക്കുകയും ചെയ്തു. 2012ല്‍ ഇറാനുമായുള്ള നയതന്ത്രബന്ധം കാനഡ വിച്ഛേദിച്ചിരുന്നു.
2019 ഏപ്രിലില്‍ അമേരിക്കയും റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. റഷ്യയ്ക്കും മിഡില്‍ ഈസ്റ്റിലെ സഖ്യകക്ഷികള്‍ക്കും ഡ്രോണുകള്‍ വിതരണം ചെയ്തുവെന്ന് ആരോപിച്ച് ഈ മാസമാദ്യം യൂറോപ്യന്‍ യൂണിയനും റെവല്യൂഷണറി ഗാര്‍ഡ്സിന് നിരോധനം ഏര്‍പ്പെടുത്തി. കൂടാതെ ബെഹ്റൈന്‍, സൗദി അറേബ്യ, സ്വീഡന് എന്നീരാജ്യങ്ങളും ഐആര്‍ജിസിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറാനിലെ ഇസ്ലാമിക ഭരണസംവിധാനത്തെ സംരക്ഷിക്കാനായി നാല്പതിലേറെ വര്‍ഷംമുമ്പ് രൂപീകരിച്ചതാണ് ഐആര്‍ജിസി. ഇറാനിലെ സായുധസേനയ്ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഈ സൈന്യത്തിന് കര, നാവിക, വ്യോമസേനാ വിഭാഗങ്ങളുണ്ട്. ഇറാന് പുറമേ സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: