ന്യൂദല്‍ഹി: അന്താരാഷ്‌ട്ര പ്രശസ്തമായ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ് സ് ഇന്ത്യയുടെ 2024-25ലെ സാമ്പത്തിക വളര്‍ച്ച 20 ബേസിസ് പോയിന്‍റ് ഉയര്‍ത്തി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്ന് ഫിച്ച് റേറ്റിംഗ് അറിയിച്ചു. നേരത്തെ ഇന്ത്യയുടെ ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7 ശതമാനമായിരിക്കുമെന്നാണ് ഫിച്ച് റേറ്റിംഗ്സ് പ്രവചിച്ചിരുന്നത്. ഇന്നത്തെ ലോകസാഹചര്യങ്ങളില്‍ ഒരു രാജ്യത്തിന് നേടാവുന്ന ഏറ്റവും തിളക്കമാര്‍ന്ന വളര്‍ച്ചയാണിത്.
ഇന്ത്യയിലെത്തുന്ന സാമ്പത്തിക നിക്ഷേപത്തിന്റെ വളര്‍ച്ചയും ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തിലുള്ള ഉണര്‍വ്വുമാണ് ഇന്ത്യയുടെ റേറ്റിംഗ് കൂട്ടാന്‍ കാരണമെന്നും ഫിച്ച് റേറ്റിംഗ് സ് പറഞ്ഞു.”ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്റെ വളര്‍ച്ചയ്‌ക്ക് അല്‍പം വേഗം കുറയുമെങ്കിലും അത് ഉയര്‍ന്നുകൊണ്ടേയിരിക്കും. ഉയര്‍ന്ന തോതിലുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസം കാരണം സാധനങ്ങളുടെ ഉപഭോഗം വര്‍ധിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതലേ ഇന്ത്യയുടെ വളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് പര്‍ചേസിംഗ് മാനേജരുടെ സര്‍വ്വേ ഡേറ്റ പറയുന്നു. ഇപ്പോഴത്തെ ഉഷ്ണക്കാറ്റ് ചെറിയ തലവേദനയുണ്ടാക്കുമെങ്കിലും നല്ല മണ്‍സൂണ്‍ ലഭിക്കും. അത് ഇന്ത്യയുടെ വിലക്കയറ്റത്തിന്റെ ആടിയുലച്ചില്‍ അവസാനിപ്പിക്കും. “- ഫിച്ച് റേറ്റിംഗ്സ് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഏറ്റവും പുതിയ ആഗോള സാമ്പത്തിക അവലോകനത്തിലാണ് ഫിച്ചേ റേറ്റിംഗ്സിന്റെ ഈ നിരീക്ഷണം.
2024 ഡിസംബര്‍-മാര്‍ച്ച് ത്രൈമാസത്തില്‍ നേടിയ 7.8 ശതമാനം വളര്‍ച്ചയോടെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 8.2 ശതമാനം എന്ന ശക്തമായ സാമ്പത്തിക വളര്‍ച്ചയാണ് നേടിയത്.
ഉപഭോക്തൃവിലസൂചികയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന വിലക്കയറ്റം (നാണ്യപ്പെരുപ്പം) നിയന്ത്രണവിധേയമായിരിക്കും. റിസര്‍വ്വ് ബാങ്ക് അനുവദിക്കുന്ന ആറ് ശതമാനത്തില്‍ താഴെ തന്നെ അത് നില്‍ക്കും. “നാണ്യപ്പെരുപ്പം 4.5 ശതമാനമായി ചുരുങ്ങുമെന്ന് തന്നെയാണ് കരുതുന്നത്. 2025ലും 2026ലും അത് 4.3 ശതമാനമായി താഴും”- ഫിച്ച് റേറ്റിംഗ്സ് റിപ്പോര്‍ട്ട് പറയുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: