ലീപ്‌സിഗ്: ഇന്നത്തെ യൂറോ കപ്പ് പോരാട്ടങ്ങളില്‍ ഏവരും ഉറ്റുനോക്കുന്നത് രാത്രി 12.30ന് നടക്കുന്ന ഫ്രാന്‍സ്-നെതര്‍ലന്‍ഡ്‌സ് കരുത്തന്‍ മത്സരമാണ്. ഗ്രൂപ്പ് ഡിയില്‍ ആദ്യ മത്സരം ജയിച്ച് നില്‍ക്കുന്ന ഈ രണ്ട് ടീമുകള്‍ക്കും ഇന്നത്തെ കളിയില്‍ വിജയിക്കാനായാല്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാം.
കഴിഞ്ഞ വര്‍ഷം യുവേഫ നേഷന്‍സ് ജേതാക്കളായതില്‍ പിന്നെ ഇങ്ങോട്ട് മികച്ച ഫോമിലാണ് റൊണാള്‍ഡ് കോമാന്‍ പരിശീലിപ്പിക്കുന്ന ഡച്ച് പട. ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയ്‌ക്ക് പിന്നില്‍ ഫിഫ റാങ്കിങ്ങില്‍ രണ്ടാമതുള്ള ഫ്രാന്‍സിന് ഇന്ന് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഉണ്ടാവില്ല. പക്ഷെ മികച്ച താരസാന്നിധ്യമുള്ള ഫ്രഞ്ച് ടീമിനെ കുറിച്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സിന് ഒട്ടും ആവലാതിയില്ല.
കഴിഞ്ഞ തവണ 2021ല്‍ മാത്രമാണ് എംബാപ്പെ യൂറോ കപ്പ് കളിച്ചിട്ടുള്ളത്. ഇത്തവണത്തെ ആദ്യ മത്സരം അടക്കം ആകെ ആറ് കളികളാണ് താരം കളിച്ചത്. ഇത്രയും കളികളില്‍ നിന്ന് ഒരു ഗോള്‍ പോലും നേടിയിട്ടില്ല. കഴിഞ്ഞ തവണ പ്രീക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ ലഭിച്ച അവസരം പോലും താരം പാഴാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ആ മത്സരത്തില്‍ പരാജയപ്പെട്ട് ഫ്രഞ്ച് ടീം നേരത്തെ തന്നെ പുറത്താകുകയും ചെയ്തു. ഓസ്ട്രിയയ്‌ക്കെതിരെ 1-0ന് ജയിച്ച് നില്‍ക്കെയാണ് കഴിഞ്ഞ മത്സരത്തില്‍ എംബാപ്പെയ്‌ക്ക് മൂക്കിന് പരിക്കേറ്റത്. മുഖാവരണം ധരിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും താരം പിന്‍മാറുകയാണുണ്ടായത്. പകരമെത്തിയത് യൂറോപ്യന്‍ ഫുട്‌ബോളിലെ മറ്റൊരു മിന്നും സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറോദ്. എംബാപ്പെയെ അപേക്ഷിച്ച് യൂറോ കപ്പില്‍ മികച്ച റിക്കാര്‍ഡുള്ള താരമാണ് ജിറോദ്. ഇന്നത്തെ മത്സരത്തില്‍ എംബാപ്പെയുടെ അഭാവത്തില്‍ സ്വാഭാവികമായും സെന്റര്‍ സ്‌ട്രൈക്കറായി ഇറങ്ങുന്നത് ജിറോദ് ആയിരിക്കും. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ഈ സ്‌ട്രൈക്കര്‍. ഇങ്ങനെയുള്ള കണക്കുകളും അനുഭവങ്ങളും നിരത്തിയാണ് ദിദിയര്‍ ദെശാംപ്‌സ് എംബാപ്പെ ഇല്ലാത്ത ഫ്രഞ്ച് പടയില്‍ ആത്മവിശ്വാസം പുലര്‍ത്തുന്നത്.
സമീപകാലത്ത് ഫ്രാന്‍സും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഫോമിലാണ്. ഇരുടീമുകളും യൂറോ യോഗ്യതാ മത്സരത്തിലും ഒരേ ഗ്രൂപ്പിലായിരുന്നു. രണ്ട് കളികളിലും ഫ്രാന്‍സ് വിജയിച്ചു. ഏറ്റവും ഒടുവില്‍ നടന്ന കളിയില്‍ ഡച്ച് കരുത്തിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ദെഷാംപ്‌സിന്റെ പട മുക്കിയത്. നെതര്‍ലന്‍ഡ്‌സ് ഫ്രാന്‍സിനെതിരെ അവസാനമായി ജയിച്ചത് 2018ല്‍ യുവേഫ നേഷന്‍സ് ലീഗില്‍ ആണ്.
ഇരു ടീമുകളും തമ്മില്‍ ആകെ 30 തവണ നേര്‍ക്കുനേര്‍ പോരാടി. അഥില്‍ 15 എണ്ണത്തില്‍ ഫ്രാന്‍സും 11 കളികള്‍ നെതര്‍ലന്‍ഡ്‌സും ജയിച്ചു. നാലെണ്ണം സമനിലയിലായി. യൂറോ കപ്പില്‍ മൂന്ന് തവണയാണ് ഏറ്റുമുട്ടിയത്. ആദ്യ പോരാട്ടം 1996ലെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു. ഷൂട്ടൗട്ടില്‍ അന്ന് ഫ്രാന്‍സ് ജയിച്ചു. പിന്നീട് 2000ലും 2008ലും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും നെതര്‍ലന്‍ഡ് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക