തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ ‘വിവരദോഷി’ പരാമർശത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വാക്കുകള്‍ സൂക്ഷ്മതയോടെയും ബഹുമാനത്തോടെയും ഉപയോഗിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്ന് വി. ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റിന്റെ കാര്യമൊക്കെ ചിലര്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ പല പ്രയോഗങ്ങളും ശരിയാണോയെന്ന് പരിശോധിക്കണം. എല്ലാവരും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. മുഖ്യമന്ത്രി പല സമയത്തായി ഉപയോഗിച്ച ചില പ്രയോഗങ്ങളൊന്നും താന്‍ സഭയില്‍ പറയാത്തത് അത് അണ്‍പാര്‍ലമെന്ററി ആകുമെന്നതുകൊണ്ടാണ്. ഇടതുപക്ഷ സഹയാത്രികനായ ബിഷപ്പിനെയാണ് മുഖ്യമന്ത്രി വിവരദോഷിയെന്ന് വിളിച്ചത്. ആ സമയത്ത് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പാവം മുഹമ്മദ് റിയാസ് മാത്രമാണ് ഉണ്ടായിരുന്നതെന്നും സതീശന്‍ പരിഹസിച്ചു.
ഡിസിസി ഓഫീസിൽനിന്ന് ബോംബ് കണ്ടെടുത്തുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തോട് പ്രതികരിക്കുമ്പോഴായിരുന്നു കഴിഞ്ഞദിവസം സുധാകരന്റെ വിവാദ പരാമർശം. സി.പി.എമ്മിന്റെ രാഷ്‌ട്രീയ അസ്തിത്വംതന്നെ അക്രമത്തിലും കൊലപാതകത്തിലുമാണ്. അതിലൊന്ന് ബോംബേറാണ്.
‘ആണത്തമുണ്ടോ പിണറായി വിജയന് പറയാൻ. അവൻ വെട്ടിക്കൊന്ന ആളെത്രയാ? അവൻ വെടിവെച്ചുകൊന്ന ആളെത്രയാ? അവൻ ബോംബെറിഞ്ഞുകൊന്ന ആളെത്രയാ? പറയണോ ആളുകളുടെ പേരിനിയും. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി വിജയൻ? എത്രയാളുകളെ കൊന്നു? കെ. സുധാകരന് ആ റെക്കോർഡില്ല. കോൺഗ്രസുകാരന്റെ ബോംബേറിൽ ആരും മരിച്ചിട്ടില്ല’, എന്നായിരുന്നു സുധാകരന്റെ വിമർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: