ചെന്നൈ: വടക്കന്‍ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റീസ് പി.ഗോകുല്‍ ദാസ് അടങ്ങുന്ന കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിരദേശം നല്‍കിയിരിക്കുന്നതെന്നും ഉന്നതലയോഗത്തിന് ശേഷം സ്റ്റാലിന്‍ അറിയിച്ചു. മരിച്ചവരില്‍ അഞ്ച് സ്ത്രീകളുമുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. 60 ഓളം പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നുണ്ട്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്.
സംഭവത്തില്‍ സിബിസിഐഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ട് സ്ത്രീകള്‍ അടക്കം 10 പേരെ കസ്റ്റഡിയിലെടുത്തു. പ്രദേശത്തുനിന്ന് 900 ലീറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തു. ചൊവ്വാഴ്‌ച്ച വൈകിട്ടോടെയാണ് കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തമുണ്ടാവുന്നത്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടെ പാനല്‍ ഉടന്‍ കൈമാറും. മുഖ്യമന്ത്രി എംകെ സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനും കള്ളാക്കുറിച്ചി സന്ദര്‍ശിക്കും.
മദ്യത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധയില്‍ സ്ഥിരീകരിച്ചിരുന്നു. വിഷമദ്യ വില്‍പ്പന ഇല്ലാതാക്കാന്‍ ഡിഎംകെ സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞില്ലെന്ന് സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറഞ്ഞു. പളനി സ്വാമി ഉടന്‍ കള്ളാക്കുറിച്ചിയിലെത്തും. ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: