കണ്ണൂര്‍: എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ സിപിഎമ്മിനെ വിമർശിച്ച് രംഗത്തെത്തിയ യുവതിക്കു നേരെ പാർട്ടിക്കാരുടെ ഭീഷണി. ബുധനാഴ്ച രാത്രി സിപിഎം പഞ്ചായത്ത് അംഗങ്ങള്‍ വീട്ടിലെത്തി രക്ഷിതാക്കളെ താക്കീത് ചെയ്‌തെന്ന് സീന പറഞ്ഞു. മകളെ നിലക്ക് നിര്‍ത്തണമെന്നും പറഞ്ഞു മനസിലാക്കിയാല്‍ നല്ലതെന്നുമായിരുന്നു താക്കീത്.
സ്ത്രീകളാണ് വീട്ടിൽ വന്നത്. അവൾ താൻ പറഞ്ഞാൽ കേൾക്കില്ലെന്നായിരുന്നു അമ്മയുടെ മറുപടി. സംഭവം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും സീന പറഞ്ഞു. ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85കാരൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിപി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി സീന രംഗത്ത് എത്തിയിരുന്നു. തേങ്ങയെടുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽപ്പാത്രം വീടിന്റെ തറയോട് അടിച്ചപ്പോഴുണ്ടായ സ്ഫോടനമാണ് വേലായുധന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. വേലായുധന്റെ അയല്‍വാസിയാണ് സീന.
പലയിടങ്ങളിലും ഒറ്റപ്പെടുത്തല്‍ ആരംഭിച്ചു. തനിക്ക് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല. തുറന്നുപറഞ്ഞത് നാട്ടില്‍ സമാധാനം ഉണ്ടാവണമെന്ന തന്റെ ആഗ്രഹത്താലാണെന്നും സീന പറഞ്ഞു. പ്രദേശത്ത് സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടെന്നായിരുന്നു സീന കഴിഞ്ഞ ദിവസം ആരോപിച്ചത്. തൊട്ടടുത്ത പറമ്പില്‍ നിന്ന് പോലും നേരത്തെയും ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. പോലീസിനെ അറിയിക്കാതെ സിപിഎം പ്രവര്‍ത്തകര്‍ ബോംബുകള്‍ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരുന്നത്. സഹികെട്ടാണ് തുറന്ന് പറയുന്നത്. ജീവിക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷ. ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ലെന്നും ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും സീന പറഞ്ഞിരുന്നു.
എന്നാൽ, സ്ഫോടനവുമായി ബന്ധപ്പെട്ട് യുവതി നടത്തിയ വെളിപ്പെടുത്തലുകളെ സിപിഎം തള്ളി. കോൺഗ്രസ് അനുഭാവമുള്ള കുടുംബമാണ് യുവതിയുടേതെന്നും നാലുവർഷമായി പ്രദേശത്ത് അവർ താമസിക്കാറില്ലെന്നുമാണ് എരഞ്ഞോളി പഞ്ചായത്തംഗം നിമിഷയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: