മണിപ്പൂരിലെ അക്രമം തടയാന്‍ നേരിട്ട് ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹവും സമയോചിതവുമാണ്. വ്യാപകമായ അക്രമങ്ങള്‍ക്ക് അറുതിയായെങ്കിലും ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ തുടരുന്ന സാഹചര്യത്തിലാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടികള്‍ക്ക് ഒരുങ്ങുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മണിപ്പൂരിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സേനയെ തന്ത്രപരമായി വിന്യസിക്കാനും, ആവശ്യമെങ്കില്‍ കേന്ദ്ര സേനയുടെ അംഗസംഖ്യ വര്‍ധിപ്പിക്കാനും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള വംശീയ സംഘര്‍ഷം പരിഹരിക്കാന്‍ കുക്കി-മെയ്തേയ് വിഭാഗങ്ങളുമായി ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തും. മണിപ്പൂരിലെ സുരക്ഷാ സാഹചര്യം ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും. കലാപത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിന്റെയും മരുന്നിന്റെയും മറ്റും ലഭ്യതയെക്കുറിച്ച് അവലോകനം ചെയ്ത് ഇവയൊക്കെ തുടര്‍ന്നും ലഭിക്കാനുള്ള നടപടികളെടുക്കാനും മണിപ്പൂര്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിപ്പൂരിലെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരും കരസേനാ മേധാവിയും മറ്റും പങ്കെടുത്ത യോഗത്തിനുശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ പറയുകയുണ്ടായി. മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് എടുത്തുവരുന്ന നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആക്കംകൂട്ടുമെന്നര്‍ത്ഥം.
തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലെത്തിയിരിക്കുന്ന മോദി സര്‍ക്കാര്‍ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രഥമ പരിഗണന നല്കുന്നു. കുക്കി-മെയ്തേയ് ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ നിരവധി പേര് മരിക്കുകയും, വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. മെയ്തേയ് വിഭാഗങ്ങള്‍ക്കും സംവരണം നല്‍കാമെന്ന ഹൈക്കോടതി ഉത്തരവുവന്നതോടെയാണ് കുക്കി വിഭാഗം സംഘര്‍ഷത്തിനിറങ്ങിയത്. ഇതിനെ പ്രതിരോധിക്കാന്‍ മെയ്തേയ് വിഭാഗവും ശ്രമിച്ചതാണ് വ്യാപകമായ അക്രമങ്ങള്‍ക്ക് വഴിവച്ചത്. ഇരുവിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കാനും, അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞുശ്രമിച്ചെങ്കിലും അത് പൂര്‍ണമായി വിജയം കണ്ടില്ല. എന്നാല്‍ ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് സമാധാനപൂര്‍ണമായി നടക്കുകയും ചെയ്തു. വീണ്ടും അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടാവുന്നത്. മണിപ്പൂര്‍ ഒരു വര്‍ഷമായി കത്തുകയാണെന്നും, പഴയ തോക്ക് സംസ്കാരം അവസാനിച്ചെന്നാണ് കരുതിയതെന്നും, എന്നാല്‍ പൊടുന്നനെ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് ചിലര്‍ അശാന്തി സൃഷ്ടിച്ചിരിക്കുകയാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അഭിപ്രായപ്പെടുകയുണ്ടായി. മണിപ്പൂരില്‍ എന്തു വിലകൊടുത്തും സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സര്‍സംഘചാലക് വിരല്‍ചൂണ്ടിയത്. ഈ പശ്ചാത്തലത്തിലാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ കര്‍ശന നടപടികളെടുക്കാനും സംസ്ഥാന സര്‍ക്കാരിനു പുറമെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാവുന്നത്.
മണിപ്പൂരിലെ സംഘര്‍ഷം രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലായിരുന്നു. അതിനെ ഹിന്ദു-ക്രൈസ്തവ സംഘര്‍ഷമായി വേര്‍തിരിക്കാവുന്നതല്ല. കാരണം പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് വിഭാഗങ്ങളിലുമുണ്ട് ഹിന്ദുക്കളും ക്രൈസ്തവരും. ഈ വസ്തുത മൂടിവച്ചുകൊണ്ടാണ് തല്‍പ്പരകക്ഷികള്‍ ദേശവ്യാപകമായി ഈ പ്രശ്നം അവതരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടായിരുന്നു ഈ കുപ്രചാരണം. വസ്തുതകള്‍ നേരിട്ട് അറിയാവുന്നവര്‍ പോലും നിശ്ശബ്ദത പാലിച്ചു. മണിപ്പൂരും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്നത് ബിജെപിയായതിനാല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അവസരം മുതലെടുത്തു. ക്രൈസ്തവരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ പിന്തുണ നേടുകയായിരുന്നു ലക്ഷ്യം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലാണ് മണിപ്പൂര്‍ കലാപം ആളിക്കത്തിച്ചത്. എന്നാല്‍ ദുരുപദിഷ്ടമായ ഈ തന്ത്രത്തില്‍ മുഴുവന്‍ ക്രൈസ്തവരും വീണില്ല. ഇതിനു തെളിവാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച പിന്തുണ. ഇത് തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. മണിപ്പൂര്‍ വിഷയത്തില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ നിലപാട് ശരിയാണെന്നും, അവിടത്തേത് രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്നും ക്രൈസ്തവ മതമേലധ്യക്ഷന്മാര് പറയുകയുണ്ടായി. മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും, ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവയുമാണ് ശരിയായ നിലപാടെടുത്തത്. തീര്‍ച്ചയായും ഇത് പുതിയൊരു തുടക്കമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: