പാല : ഈരാറ്റുപേട്ടയിൽ തീവ്രവാദപ്രശ്നങ്ങൾ നിലനിൽക്കുന്നു എന്ന കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് ശരിവെക്കുന്നതാണ് കഴിഞ്ഞദിവസം അവിടെ നടന്ന സംഭവവികാസങ്ങളെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി പറഞ്ഞു.
കാപ്പാ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തെ സ്ത്രീകൾ ഉൾപ്പെട്ട സംഘം തടഞ്ഞു വയ്‌ക്കുകയും ആക്രോശിക്കുകയും സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് പോലീസ് പ്രതികളെ കൊണ്ടുപോയത്. ഈരാറ്റുപേട്ടയിൽ ക്രമസമാധാനവാഴ്ചയില്ലാതെ അരക്ഷിതവും അങ്ങേയറ്റം ഭീതിജനകവുമായ അന്തരീക്ഷമാണ് പലയിടങ്ങളിലും ഉള്ളതെന്ന് ഹരി ആരോപിച്ചു.
ഇരു മുന്നണികളും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ കണ്ണടയ്‌ക്കുകയും ചെയ്യുന്നു. വാഗമൺ സിമി ക്യാമ്പ് മുതൽ ഈ പ്രദേശത്ത് തീവ്രവാദ ശക്തികളുടെ സാന്നിധ്യം ഉണ്ടെന്നുള്ളതിൽ തർക്കമില്ല.
ഇത് ചൂണ്ടിക്കാട്ടിയാണ് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സ്ഥലം റവന്യൂ ടവറിനായി വിട്ടുകൊടുക്കുന്നതിനെ പോലീസ് മേധാവി കെ കാർത്തിക് റിപ്പോർട്ടിൽ എതിർത്തത്. എന്നാൽ കടുത്ത രാഷ്‌ട്രീയ സമ്മർദ്ദത്തോടെ ആ റിപ്പോർട്ടിനെ അവഗണിച്ച് ഇവിടെ തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം തുടങ്ങാനുള്ള സാധ്യത എന്നന്നേക്കുമായി അട്ടിമറിച്ചുവെന്ന് ഹരി കുറ്റപ്പെടുത്തി.
ഇതിന്റെ പ്രത്യുപകാരമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഇക്കൂട്ടർ തുണച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും ഇവരുടെ വോട്ട് നേടി. കർണാടകത്തിൽ കോൺഗ്രസ് ഭരണത്തിലേറിയതും ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയവും ഇത്തരം ദേശവിരുദ്ധശക്തികൾക്ക് കരുത്ത്പകർന്നിരിക്കുകയാണ്.അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈരാറ്റുപേട്ടയിൽ കഴിഞ്ഞ ദിവസം നടന്നതെന്ന് ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: