കൊച്ചി: ഭാരതീയതയിലൂന്നിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകനായി എ. വിനോദിനെ തെരഞ്ഞെടുത്തു.
റാഞ്ചിയിലെ സരള ബിര്‍ല യുണിവേഴ്സിറ്റിയില്‍ നടന്ന ദേശീയ വിദ്യാഭ്യാസ കാര്യശാലയില്‍ വച്ചാണ് പുതിയ ദേശീയ സംയോജകനായി മലയാളിയായ എ. വിനോദിനെ തെരഞ്ഞെടുത്തത്. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് (എഐയു) ചെയര്‍പേഴ്സണ്‍ കൂടിയായ ഡോ. പങ്കജ് മിത്തല്‍ ആണ് ദേശീയ അധ്യക്ഷ. 350 ലധികം വിദ്യാഭ്യാസ പണ്ഡിതരാണ് നാലു ദിവസത്തെ വിദ്യാഭ്യാസ കാര്യശാലയില്‍ പങ്കെടുത്തത്. ഇരിങ്ങാലക്കുട മാധവഗണിത കേന്ദ്രം ഡയറക്ടര്‍, ഭാരതിയ ഭാഷാമഞ്ച് ട്രസ്റ്റി, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള പട്ടികജാതി – പട്ടികവര്‍ഗ്ഗ – ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ 30 വര്‍ഷമായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമാണ് എ.വിനോദ്.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോള്‍ ഉരുത്തിരിയുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും വിദ്യാഭ്യാസ പ്രസ്ഥാനങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് കാര്യശാലയില്‍ അവതരിപ്പിച്ച പ്രമേയം ആഹ്വാനം ചെയ്തു. ഭാരതീയ ജ്ഞാന പരമ്പര, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പിലെ പുരോഗതി, ഭാരതീയ ഭാഷകളുടെ പ്രചാരവും സംരക്ഷണവും. മാതൃഭാഷാ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ കാര്യശാല ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: