തിരുവനന്തപുരം: തലശ്ശേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85-കാരൻ ബോംബ് സ്‌ഫോടനത്തിൽ മരിച്ച സംഭവം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സിപിഎമ്മിന് ചിഹ്നം പോയാല്‍ എ.കെ ബാലന്‍ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് സണ്ണി എം ജോസഫ് എംഎൽഎ പരിഹസിച്ചു.
പരേതനായ കോണ്‍ഗ്രസ് നേതാവ് കണ്ണോളി മോഹന്‍ദാസിന്റെ വീട്ടുപറമ്പിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പൂട്ടികിടക്കുന്ന മോഹന്‍ദാസിന്റെ വീട്ടുപറമ്പില്‍ മനപൂര്‍വ്വം ബോംബ് കൊണ്ടുവെക്കുകയായിരുന്നുവെന്നും സണ്ണി ജോസഫ് ആരോപിച്ചു. കൊല്ലപ്പെട്ട വേലായുധന്റെ മതിയായ നഷ്ടപരിഹാരം നല്‍കുകയും കണ്ണൂര്‍ ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും സണ്ണി എം ജോസഫ് ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
പോലീസ് എത്തുന്നതിന് മുമ്പ് ബോംബ് കൊണ്ടുവെച്ചവര്‍ സംഭവസ്ഥലം വളഞ്ഞ് ബോംബിന്റെ അവശിഷ്ടങ്ങള്‍ മാറ്റി തെളിവുകള്‍ നശിപ്പിച്ചുവെന്നും സണ്ണി എം ജോസഫ് ആരോപിച്ചു. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് സ്മാരകം പണിയുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും സണ്ണി എം ജോസഫ് കടന്നാക്രമിച്ചു. ഇതൊന്നും കേള്‍ക്കാന്‍ സിപിഐഎം ബെഞ്ചിന് സഹിഷ്ണുതയുണ്ടായില്ല. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യണം.
കക്കട്ടിലും മണിയൂരിലും കൂത്തുപറമ്പിലും വിവിധ പ്രതിപക്ഷ സംഘടനാ നേതാക്കളുടെ വീടിന് നേരെ ബോംബെറിഞ്ഞു. കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സണ്ണി എം ജോസഫ് പറഞ്ഞു.
ദുരൂഹ സാഹര്യത്തില്‍ കാണുന്ന സ്റ്റീല്‍ പാത്രങ്ങള്‍ ആരും തുറന്നു നോക്കരുതെന്ന നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചു. ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ ആളാണ് മരിച്ചത്. എടുത്ത് നോക്കിയതും കൈയ്യിലിരുന്ന് പൊട്ടി. മുഖം പോലും ഉണ്ടായില്ല. പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ബോംബ് നിർമാണത്തിന് പിന്നിൽ. സ്വന്തം പാർട്ടിക്കാർക്കുവേണ്ടി ഉണ്ടാക്കിയ ബോംബാണ് ഇതെന്നും സതീശൻ ആരോപിച്ചു.
വയോധികൻ മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ സമാധാനം തകർക്കാനുള്ള ശ്രമം കർശനമായി തടയും. ബോംബ് നിർമാണത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: